സഹകരണ ബാങ്കിലെ കോടികളുടെ വായ്പ തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനും ഭാര്യക്കും മകനുമെതിരെ വിജിലന്‍സ് കേസ്
രണ്ടരക്കോടി രൂപ തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
മലപ്പുറം:സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി അംഗമായിരിക്കെ ഭരണ സ്വാധീനത്തില്‍ എടക്കര ശാഖയില്‍ നിന്ന് അനധികൃതമായി വായ്പയെടുത്തെന്നാണ് ഇസ്മായില്‍ മൂത്തേടത്തിനെതിരെയുള്ള പരാതി. ഇസ്മായില്‍ മൂത്തേടത്തിനു പുറമേ ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസില്‍ പ്രതികളാണ്.
രണ്ടരക്കോടി രൂപ തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.അനധികൃമായി ലോൺ അനുവദിച്ചു നല്‍കിയ എടക്കര ശാഖ മാനേജര്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ജനറല്‍ മാനേജര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ഭൂവിലയുടെ മൂല്യത്തെക്കാള്‍ വലിയ സംഖ്യ ലോണെടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഓവര്‍ ഡ്രാഫ്റ്റ് ലോണിന് ഹാജരാക്കിയ കരാര്‍ വ്യാജമാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്‍കേണ്ട ലോണായ ഓവര്‍ ഡ്രാഫ്റ്റ് ലോൺ ദുരുപയോഗം ചെയ്തെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.ഉയര്‍ന്ന സംഖ്യക്ക് ലോൺ എടുത്തതുമായി ബന്ധപെട്ട് ഇസ്മായില്‍ മൂത്തേടത്തിനെതിരെ നേരത്തേയും പരാതി ഉയര്‍ന്നിരുന്നു.സാമ്പത്തിക പ്രയാസം നേരിട്ടപ്പോള്‍ വായ്പ്പയെടുത്തുവെന്നല്ലാതെ ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഇസ്മായില്‍ മൂത്തേടത്തിന്‍റെ വിശദീകരണം. കൊവിഡും പ്രളയവുമടക്കമുള്ള പ്രതികൂല സാഹചര്യങ്ങളാണ് തിരിച്ചടവ് മുടക്കിയതെന്നും അദ്ദേഹം പറഞ്ഞു.