ആശുപത്രിക്കണക്ക് ശാസ്ത്രീയമോ? തിരുവനന്തപുരം പോലെയാണോ ഇടുക്കി? വ്യാപക വിമർശനം
സിപിഎം സമ്മേളനം നടക്കുന്ന കാസർകോട്ട് 79% ആണ് ഐസിയു ഒഴിവ്. എന്നാൽ ഇതിനേക്കാൾ ഒഴിവുകൾ ഉണ്ട് ഇപ്പോൾ ബി കാറ്റഗറി നിയന്ത്രണം ഉള്ള ഇടുക്കിയിൽ. ഇത് തന്നെയാണ് കാറ്റഗറി തിരിക്കലിലെ അശാസ്ത്രീയതക്കുള്ള ഉദാഹരണം.
തിരുവനന്തപുരം: ആശുപത്രികളിലെയും ഐസിയുകളിലെയും രോഗികളുടെ തോതും ആ പ്രദേശത്തെ മൊത്തം രോഗികളുടെ കണക്കും തമ്മിലുള്ള അനുപാതം നോക്കിയുള്ള പുതിയ നിയന്ത്രണ രീതിക്ക് എതിരെ ഉയരുന്നത് വ്യാപക വിമർശനമാണ്. മേഖല തിരിച്ചുള്ള ആൾക്കൂട്ട നിയന്ത്രണം വ്യാപനം നിയന്ത്രിക്കാൻ ഫലപ്രദമല്ലെന്നാണ് ആക്ഷേപം. ചികിത്സാ സൗകര്യം കുറഞ്ഞ ജില്ലകൾ നിലവിലെ രീതി അനുസരിച്ച് വേഗത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് മാറുമെന്നതാണ് മറ്റൊരു പ്രശ്നം.
2022 ജനുവരി 1-നെ അടിസ്ഥാനമാക്കി, ആശുപത്രി കേസുകൾ, ഐസിയു കേസുകളിലെ വർധന എന്നിവ നോക്കിയാണ് അതാത് ജില്ലകളിലെ നിയന്ത്രണം. ജനുവരി 1-ൽ നിന്നും ആശുപത്രി അഡ്മിഷൻ ഇരട്ടിയും, ഐസിയു കേസുകളിൽ 50%വും വർദ്ധന വന്നാൽ കാറ്റഗറി എ, ആശുപത്രി കേസുകളിൽ കൊവിഡ് കേസുകൾ 10 ശതമാനവും, ഐസിയു കേസുകൾ ഇരട്ടിയും ആയാൽ കാറ്റഗറി ബി, ആകെ ആശുപത്രി കേസുകളിൽ കൊവിഡ് രോഗികളുടെ എണ്ണം 25% ആയാൽ കാറ്റഗറി സി - എന്നിങ്ങനെയാണ് കണക്ക്.
വ്യാപനം വൻതോതിൽ കുതിക്കുന്ന തിരുവന്തപുരത്ത് അരലക്ഷം പേർ ചികിത്സയിൽ ഉണ്ടെങ്കിലും 3718 കൊവിഡ് കിടക്കകളും 415 ഐസിയുകളും നിലവിൽ സജ്ജമാണ്. ഇതിൽ 50 ശതമാനത്തിൽ അധികം ഒഴിവുണ്ട്. അതിനാൽ ഇപ്പോഴും ബി കാറ്റഗറിയിലാണ് തിരുവനന്തപുരം. എന്നാൽ ചികിത്സാ സൗകര്യം കുറഞ്ഞ വയനാടും ഇടുക്കിയും പ്രതിദിന കേസുകളിൽ ഏറ്റവും പിന്നിൽ ഉള്ള ജില്ലകളാണ്.
വയനാട്ടിൽ 54 ഐസിയുകളിൽ 20 പേരും, ഇടുക്കിയിൽ 100 ഐസിയുകളിൽ 18 പേരുമേ ഉള്ളൂ. ആശുപത്രിയിൽ ഉള്ള രോഗികളുടെ എണ്ണവും കുറവാണെങ്കിലും ഈ രണ്ട് ജില്ലകളും തിരുവനന്തപുരത്തിന് ഒപ്പം ബി- കാറ്റഗറിയുടെ നിയന്ത്രണങ്ങളിൽ പെട്ടു.
ചികിത്സാ സൗകര്യം കുറഞ്ഞ ഈ ജില്ലകളിൽ ഇടുക്കിയിൽ 1331, വയനാട്ടിൽ 569 എന്നിങ്ങനെയേ കിടക്കകൾ ഉള്ളൂ. ഇടുക്കിയിൽ ഐസിയു 82 ശതമാനവും, വയനാട് ഐസിയു 63 ശതമാനവും ഒഴിവാണ്.