കേസുകൾ ഒഴിവാക്കാൻ ഡീൽ? പാർട്ടിയിലേക്ക് വന്നവർക്ക് 'രാഷ്ട്രീയമായി'കേസുകളുണ്ടാകും, ഒത്തുതീർപ്പാക്കുമെന്ന് സിപിഎം
സിപിഎമ്മിലേക്ക് പുതുതായി വന്നവര്‍ക്ക് ' രാഷ്ട്രീയമായി' ഒരുപാട് കേസുകൾ കാണുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വാദിയും പ്രതിയും ചേർന്ന് കേസ് ഒഴിവാക്കാൻ കോടതിയെ സമീപിക്കുകയാണെന്നും കെപി ഉദയഭാനു പറഞ്ഞു.
പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്കും പിന്നാലെ വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയും സിപിഎമ്മില്‍ ചേര്‍ന്നതില്‍ വീണ്ടും ന്യായീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം. ക്രിമിനല്‍ കേസ് പ്രതികളെ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയ സംഭവത്തില്‍ ഒരോ ദിവസവും കൂടുതല്‍ വിവാദങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തിയത്.
സിപിഎമ്മിലേക്ക് പുതുതായി വന്നവര്‍ക്ക് ' രാഷ്ട്രീയമായി' ഒരുപാട് കേസുകൾ കാണുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കുള്ള കേസുകള്‍ രാഷ്ട്രീയമായതാണെന്നും അതെല്ലാം ഒത്തുതീര്‍പ്പാക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു. വാദിയും പ്രതിയും ചേർന്ന് കേസ് ഒഴിവാക്കാൻ കോടതിയെ സമീപിക്കുകയാണെന്നും കെപി ഉദയഭാനു പറഞ്ഞു.
വധശ്രമ കേസിൽ എസ്എഫ്ഐ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. ഇതില്‍ ഉള്‍പ്പെട്ട പ്രതി ഉള്‍പ്പെടെയുള്ളവരെയാണ് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ക്രിമിനൽ കേസുകൾ ഒഴിവാക്കാമെന്ന ഡീലിലാണ് കാപ്പാ കേസ് പ്രതി ഉൾപ്പെടെ പാർട്ടിയിലേക്ക് വന്നത് എന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നതിനിടെയാണ് കേസുകള്‍ ഒത്തുതീര്‍പ്പാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയത്.
എസ് എഫ്.ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷിനെയും സിപിഎമ്മിലേക്ക് സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിലായി പുരത്തുവന്നത്. വധശ്രമ കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു.