കൂറുമാറിയ സാക്ഷികൾ കുടുങ്ങുമോ? പ്രതിഭാഗത്തേക്ക് കൂറുമാറിയവര്‍ക്ക് ഇനി കാര്യങ്ങള്‍ നിര്‍ണ്ണായകം
സിനിമാ മേഖലയിൽ നിന്നടക്കം കൂറുമാറിയവരെ വരും ദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും.
കൊച്ചി: നടിയെ ആക്രമിച്ചകേസിൽ കൂറുമാറിയവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കം കൂറുമാറിയവരെ വരും ദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ആന്ത്യശാസനം. ഈ പശ്ചാത്തലത്തിലാണ് നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. എന്നാൽ ഇവരിൽ പലരേയും കൂറുമാറ്റിക്കാൻ ദിലീപിന്‍റെ അഭിഭാഷകരടക്കം ഇടപെട്ടതിന്‍റെ ശബ്ദകേഖകളടക്കം പുറത്തുവന്നിരുന്നു. ദിലീപിനെതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും കൂറുമാറിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്. ഇവരുടെ മൊഴി മാറ്റിക്കാൻ ദീലീപടക്കമുളള കേസിലെ പ്രതികളും അവരുടെ അഭിഭാഷകരും ഇടപെട്ടതിന് കൂടുതൽ തെളിവുകൾ ശേഖരിക്കുകൂടിയാണ് ലക്ഷ്യം
വിസ്താരത്തിനിടെ കൂറുമാറിയ സാഗറിന്‍റെ മൊഴിയെടുക്കലാണ് രണ്ടു ദിവസമായി തുടരുന്നത്. നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധകന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിതച്ചായിരുന്നു വന്നത്. അവിടുത്തെ ജീവനക്കാരനായ സാഗറിനോട് ദിലീപ് എവിടെയുണ്ടെന്ന് അന്വേഷിച്ചത്. ആലുവയിലെ വീട്ടിൽ ഉണ്ടാകുമെന്നും അവിടെച്ചെന്നാൽ കാണാമെന്ന് പറഞ്ഞെന്നുമായിരുന്നു സാഗർ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ വിസ്താര ഘട്ടത്തിൽ സാഗർ മൊഴിമാറ്റി. സാഗറിനെക്കൊണ്ട് മൊഴി മാറ്റിപ്പറയിക്കാൻ പ്രതിഭാഗം ഇടപെട്ടതിന്‍റെ തെളിവുകളും അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്.
നടൻ സിദ്ധിഖ്, ബിന്ദു പണിക്കർ അടക്കം പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന സിനിമാ മേഖലയിലെ പലരും കോടതിയിൽ പിന്നീട് മൊഴിമാറ്റിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദീലിപിനുണ്ടായ വൈരാഗ്യത്തിന്‍റെ കാരണം സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ഇവരിലൂടെ ശ്രമിച്ചത്. ഒപ്പം ഗൂഡാലോചനയുട ബന്ധപ്പെട്ട ചില പ്രധാന സാക്ഷികളും കോടതിയിൽ കൂറുമാറി. വിസ്താരം പുനരാരംഭിക്കുന്പോൾ കേസ് അട്ടിമറിച്ചതിന്‍റെയും സാക്ഷികളെ കൂറിമാറിയതിനും കാരണമായ ഇടപെടലുകൾ കോടതിയെ ധരിപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനുളള ഹർജിയിലും ഈ കണ്ടെത്തലുകൾ അവതരിപ്പിക്കും.
കേസിൽ കാവ്യാ മാധവന്‍റെ മൊഴിയെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനമാകും. കൃത്യത്തിന്‍റെ ഗൂഡാലോചനയിൽ കാവ്യാ മാധവനും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. തുടരന്വേഷണഘട്ടത്തിൽ പ്രധാന സാക്ഷിയായി മാറിയ ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലും കാവ്യാ മാധവനെക്കുറിച്ച് പരാമർശമുണ്ട്.
എന്നാൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് മാത്രമേ മൊഴി നൽകാനാകൂ എന്ന് കാവ്യ നിലപാടെടുത്തിരുന്നു. അവിടെപ്പോയി മൊഴിയെടുക്കേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. കാവ്യയ്ക്കതെിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് വിളിച്ചുവരുത്താനാണ് നിലവിലെ ആലോചന. കാവ്യയെ പ്രതിചേർക്കണോയെന്ന കാര്യത്തിൽ ഇതിനു ശേഷമേ തീരുമാനമാകൂ.