സംസ്കാരത്തെ ചൊല്ലി ത‍ർക്കം: തൃശ്ശൂരിലെ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ട് ദിവസമായി മോർച്ചറിയിൽ

ഇടവക പള്ളിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.  എന്നാൽ  അറകൾ ഉള്ള സെമിത്തേരിയിൽ സംസ്കാരം നടത്താനാവില്ലെന്ന നിലപാടിലാണ് പള്ളി കമ്മിറ്റി. 

Cremation of covid patient in chalakudy

തൃശൂർ: ചാലക്കുടി സ്വദേശി ഡിനി ചാക്കോ കൊവിഡ് ബാധിച്ച് മരിച്ച് രണ്ട് ദിവസം പിന്നിട്ടും മൃതദേഹം സംസ്ക്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.

അറകൾ ഉള്ള സെമിത്തേരി ആയതിനാൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്താൻ ആവില്ലെന്നാണ് അധികൃതരുടെ നിലപാട്. പള്ളിപറമ്പിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പളളി കമ്മിറ്റിയും വ്യക്തമാക്കിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. മാലി ദ്വീപിൽ നിന്നും മെയ് മാസം നാട്ടിലെത്തിയ ഡിനി തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. 

ഇദ്ദേഹത്തിൻ്റെ ഇടവക പള്ളിയായ തച്ചുടപറമ്പ് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ  കോണ്ക്രീറ്റ് അറകൾ ഉള്ള സെമിത്തേരിയാണുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം12 അടി ആഴത്തിൽ കുഴിയെടുത്തു ഇവിടെ സംസ്കരിക്കാൻ ആവില്ല. പള്ളിപ്പറമ്പിൽ സംസ്കാരം നടത്താൻ അധികൃതർ ഒരുക്കമാണ്. എന്നാൽ പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇതിനെതിരാണ്. ചതുപ്പുള്ള പ്രദേശമായതിനാൽ അഞ്ചടി ആഴത്തിൽ കുഴിക്കുമ്പോൾ തന്നെ വെള്ളം കാണുമെന്നും മാലിന്യം സമീപത്തെ കിണറുകളിലേക്കു പടരുമെന്നുമാണ് ഇവരുടെ ആശങ്ക.

പ്രശ്നപരിഹാരത്തിനായി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോൾ കണ്ണൂക്കാടന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്ത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഒരു പരിഹാരത്തിലേക്ക് എത്തിയിട്ടില്ല. നഗരസഭയുടെ പൊതുശ്മശാനത്തതിൽ സംസ്കരിച്ച ശേഷം അവശേഷിപ്പുകൾ കല്ലറയിൽ വയ്ക്കാം എന്ന നിർദേശം അധികൃതർ മുന്നോട്ട് വച്ചെങ്കിലും.  ഡിനിയുടെ കുടുംബം ഇതിന് തയ്യാറായില്ല. കഴിഞ്ഞ 48 മണിക്കൂറായി ഡിനിയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios