കരുവന്നൂര്‍ തട്ടിപ്പ് മുതൽ കോർപ്പറേഷനിലെ ഭരണ പ്രതിസന്ധി വരെ ചർച്ചയാകും; സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന്
സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് കുന്നംകുളം ടൗണ്‍ ഹാളിലെ കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ആരംഭിക്കും. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. നിലവിലെ സെക്രട്ടറി എംഎം വര്‍ഗീസ് ഒഴിയാനുള്ള സാധ്യതയാണുള്ളത്
![CPM Thrissur District Conference today CPM Thrissur District Conference today](https://static-gi.asianetnews.com/images/01jkm3s2v6vsj6hvdtmgqjxz3y/fotojet---2025-02-09t063356.607_363x203xt.jpg)
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് കുന്നംകുളം ടൗണ്‍ ഹാളിലെ കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ആരംഭിക്കും. രാവിലെ 9ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് എന്‍ ആര്‍ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. പിന്നീട് ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലയിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ തട്ടിപ്പ്, മറ്റു സഹകരണ ബാങ്കുകളുടെ സാമ്പത്തിക ക്രമക്കേടുകള്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താദ്യമായി ബിജെപി തൃശൂരില്‍ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭ ബിജെപിക്ക് നല്‍കുന്ന പിന്തുണ, തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തിന്‍റെ സജീവ ചര്‍ച്ചയിലെത്തിയേക്കാം.
നിലവിലെ സെക്രട്ടറി എംഎം വര്‍ഗീസ് ഒഴിയാനുള്ള സാധ്യതയാണുള്ളത്. അബ്ദുള്‍ ഖാദര്‍, യു.പി. ജോസഫ് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. 11ന് ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്തെ ഏറ്റവും ഒടുവിലത്തെ ജില്ലാ സമ്മേളനം എന്ന പ്രത്യേകതയും തൃശൂര്‍ ജില്ലാ സമ്മേളനത്തിനുണ്ട്.
ആരാകും രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി? മൂന്നു പേരുകള്‍ പരിഗണനയിൽ, ബിജെപിയിൽ ഇന്നും ചര്‍ച്ച തുടരും