Asianet News MalayalamAsianet News Malayalam

AAATC0400A പാൻ നമ്പർ, പക്ഷേ 'T' മാറി 'J' ആയി, പിഴവ് ബിഒഐയുടേത്; ഒരു കോടി തിരിച്ചുകിട്ടാൻ നിയമപോരാട്ടം: സിപിഎം

30 വർഷമായുള്ള അക്കൗണ്ടാണിതെന്നും സി പി എമ്മിന് മറച്ചുവക്കാൻ ഒന്നുമില്ലെന്നും എം എം വർഗീസ് കൂട്ടിച്ചേർത്തു.

CPM Thrissur DCS M M Varghese reveals the source of seized rs 1 crore income tax department
Author
First Published May 1, 2024, 4:31 PM IST

ത‍ൃശൂർ: തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് രംഗത്ത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കിൽ നിന്ന് നേരത്തെ പിൻവലിച്ച 1 കോടി രൂപയും കൊണ്ട് ബാങ്കിലെത്തിയതെന്നും ഈ പണമാണ് പിടിച്ചെടുത്തതെന്നും എം എം വർഗീസ് വ്യക്തമാക്കി. ആദായ നികുതി വകുപ്പ് നടപടി കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിന്‍റെ ഭാഗമാണെന്നും ഈ നടപടി നിയമപരമായി നേരിടുമെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. തങ്ങളുടെ ഭാഗത്ത് ഒരു പിഴവും ഇല്ലെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ കാരണമെന്നും അദ്ദേഹം വിവരിച്ചു.

പേര് അഭിജിത്, തിരുവനന്തപുരം സ്വദേശി, നമ്പർ പ്ലേറ്റില്ല, ബൈക്കിൽ കെഎസ്ആർടിസിക്ക് മുന്നിൽ പോലും അഭ്യാസം, പിടിയിൽ

AAATC0400A എന്നതാണ് ശരിയായ പാൻ നമ്പർ. അതുതന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യക്കും സി പി എം തൃശൂർ ജില്ലാ കമ്മിറ്റി നൽകിയത്. എന്നാൽ ഇതിൽ T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് പ്രശ്നമായിരിക്കുന്നതെന്നും എം എം വർഗീസ് ചൂണ്ടികാട്ടി. സി പി എമ്മിന്‍റെ പാൻ നമ്പർ കേന്ദ്ര കമ്മിറ്റിയുടേതാണ്. എല്ലാ അക്കൗണ്ടുകളിലും ഈ പാൻ നമ്പർ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. തൃശൂരിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ ബാങ്കിന്റെ വീഴ്ച കൊണ്ട് പാൻ നമ്പർ തെറ്റായി എന്‍റർ ചെയ്യപ്പെട്ടു. ബാങ്കിന് പറ്റിയ ഒരു പിഴവാണത്. പാൻ നമ്പർ തെറ്റാണെന്ന് അറിയില്ലായിരുന്നു. 30 വർഷമായുള്ള അക്കൗണ്ടാണിതെന്നും സി പി എമ്മിന് മറച്ചുവക്കാൻ ഒന്നുമില്ലെന്നും എം എം വർഗീസ് കൂട്ടിച്ചേർത്തു.

പാർട്ടിയുടെ നിയമവിധേയ ചിലവുകൾക്ക് ഏപ്രിൽ 2 ന് ബാങ്കിൽ നിന്ന് ഒരു കോടി പിൻവലിച്ചിരുന്നു. ഏപ്രിൽ 5 ന് ബാങ്കിൽ പരിശോധനയ്ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥർ പണം പിൻവലിച്ചത് തെറ്റായ നടപടി എന്ന് വ്യാഖ്യാനിച്ചു. പിന്നാലെ
ഇടപാട് മരവിപ്പിക്കുകയും ചെയ്തു. ശേഷം ആദായ നികുതി വകുപ്പ് തൃശൂർ അസിസ്റ്റന്‍റ് ഡയറക്ടർ സി പി എം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. പിൻവലിച്ച ഒരു കോടിയുമായി ഇന്നലെ മൂന്നു മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്. ഇത് പ്രകാരമാണ് പണവുമായി ബാങ്കിലെത്തിയതെന്നും എം എം വർഗീസ് വ്യക്തമാക്കി.

നിയമാനുസൃതം നടത്തിയ ബാങ്ക് ഇടപാടിലെ പണം ചെലവാക്കുന്നത് തടയുന്നതിന് ഇൻകം ടാക്സിന് അധികാരമില്ല. അനധികൃത ഉത്തരവ് പാലിക്കേണ്ടതില്ല എന്ന് ബോധ്യമുണ്ടായിട്ടും പണം ചെലവഴിക്കാതെ ഓഫീസിൽ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് വേളയിൽ അനാവശ്യ കോലാഹലം ഉണ്ടാകരുത് എന്ന് കരുതിയാണ്. പാൻ നമ്പർ തെറ്റായി ബന്ധിപ്പിച്ചത് ബാങ്കിന്‍റെ ഭാഗത്തു നിന്ന് വീഴ്ച പറ്റി എന്ന് കാണിച്ച് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ പാർട്ടിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വിവരിച്ചു.

പാർട്ടിയുടെ അക്കൗണ്ട് സുതാര്യമാണ്. മറയ്ക്കാനൊന്നുമില്ലെന്നും എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് മുകളിൽ നിന്നുള്ള ഇടപെടൽ കൊണ്ടാണെന്നും പിടിച്ചെടുത്തതുക തിരിച്ചു കിട്ടാൻ നിയമപരമായ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലുണ്ടായിരുന്ന പൈസ ഐ ടി ക്കാർ അവരുടെ കസ്റ്റഡിയിലാക്കിയെന്നും എം എം വർഗീസ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios