പി ശശിക്കെതിരെയുള്ള പരാതി; പാർട്ടി കമ്മീഷനെ വെക്കുമോ?തീരുമാനം ഇന്ന്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലും ചർച്ച
ഇക്കാര്യം പരാതിയായി പാർട്ടി സെക്രട്ടറിയ്ക്കും നൽകിയിരുന്നു. ശശിയ്ക്കെതിരായ ഗുരുതര പരാതികൾ അന്വഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും.
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കുമെതിരായ പിവി അൻവർ എംഎൽഎ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. പി ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്നുമാണ് പിവി അൻവറിന്‍റെ ആക്ഷേപം. ഇക്കാര്യം പരാതിയായി പാർട്ടി സെക്രട്ടറിയ്ക്കും നൽകിയിരുന്നു. ശശിയ്ക്കെതിരായ ഗുരുതര പരാതികൾ അന്വഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും.
അതേസമയം, ആർഎസ്എസ് ബന്ധമടക്കം ഗുരുതര ആരോപണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിലും ഇന്ന് ചർച്ച നടക്കും. ഭൂരിപക്ഷം അംഗങ്ങൾക്കും അജിത് കുമാർ തുടരുന്നതിൽ എതിർപ്പുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടും നിർണ്ണായകമാകും. അതേസമയം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളും ചർച്ചക്ക് വരും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പാർട്ടി നേതൃയോഗം ഇന്ന് പൊതു രാഷ്ട്രീയ സാഹചര്യവും സംഘടനാ വിഷയങ്ങളുമാണ് ചർച്ചക്ക് എടുക്കുന്നത്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അതിൻമേൽ സർക്കാരും സിപിഎമ്മും സ്വീകരിച്ച നടപടികളിലും പാർട്ടി നയരൂപീകരണം നടത്തും.
ഇന്നലെ ആരംഭിച്ച സംസ്ഥാന നിർവാഹക സമിതിയിൽ സംഘടനാ വിഷയങ്ങളാണ് പരിഗണിച്ചത്. പാർട്ടി പത്രത്തിന്റെയും മാസികയുടെയും പ്രചാരണം ശക്തമാക്കുക, സർവ്വമത സമ്മേളനം നടത്തുന്നത് ആലോചിക്കുക തുടങ്ങിയ വിഷയങ്ങളിൽ ആലോചനകൾ നടന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപിക്കും എതിരെ ഉയർന്നുവരുന്ന അരോപണങ്ങൾ ഇടതുമുന്നണിയെ തന്നെ പ്രതിരോധത്തിലാക്കുന്നതാണെന്ന പൊതുവികാരം സിപിഐ നേതാക്കൾക്കുണ്ട്. സംസ്ഥാന നിർവാഹ സമിതിയിലെ തീരുമാനം സിപിഐ, സിപിഎമ്മിനെ അറിയിക്കും.
അൻവർ 'വിപ്ലവം' പാർട്ടി ഏറ്റെടുത്തോ?; സമ്മേളനങ്ങളിൽ പിണറായി വിചാരണയോ?
https://www.youtube.com/watch?v=Ko18SgceYX8