അധിക്ഷേപ പരാമര്‍ശത്തിലുറച്ച് എൻഎൻ കൃഷ്ണദാസ്; 'അബദ്ധത്തിൽ പറഞ്ഞതല്ല, പൊട്ടിത്തെറിച്ചത് ബോധപൂര്‍വം'

മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണെന്നും അബദ്ധത്തിൽ പറഞ്ഞതല്ലെന്നും രാഷ്ട്രീയപാര്‍ട്ടിക്കാരെ കൂടി ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും എൻഎൻ കൃഷ്ണദാസ്.

CPM state committee member NN Krishnadas reacts on his abusive remarks against media; 'It was not accidentally said, it was deliberately blown up'

പാലക്കാട്: പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. ഇറച്ചിക്കടയിൽ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശത്തിൽ ഉറച്ചുനില്‍ക്കുകയാണെന്ന് എൻഎൻ കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്.

തന്‍റെ ഉറച്ച ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. അബദ്ധത്തിൽ പറഞ്ഞതല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്‍റെ പിണക്കം പാര്‍ട്ടിക്ക് പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻഎൻ  കൃഷ്ണദാസ് പറഞ്ഞു. 

വിമർശനങ്ങളെ ഞാൻ മൈൻഡ് ചെയ്യുന്നില്ല. മാധ്യമപ്രവർത്തകർ പട്ടികളെന്ന് ഞാൻ പേരെടുത്ത് പറഞ്ഞിട്ടില്ല. ഒന്നും വ്യക്തിപരമല്ലെന്നും പട്ടികളെന്ന് നിങ്ങൾക്ക് തോന്നിയാൽ തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. നിങ്ങളെന്തിനാണ് ഷുക്കൂറിന്‍റെ വീട്ടിൽ പോയതെന്നും സിപിഎമ്മുകാരന്‍റെ വീട്ടിൽ അങ്ങനെ എല്ലാർക്കും പോകാൻ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇന്നലെ വൈകിട്ട് എൻഎൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ എൻഎൻ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ രാവിലെ മുതൽ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

ഷുക്കൂറിനോട് പ്രതികരണം തേടിയതിനെയും കൃഷ്ണദാസ് തടഞ്ഞു. ഷുക്കൂറിനുവേണ്ടി താൻ സംസാരിക്കുമെന്നായിരുന്നു മറുപടി. പാലക്കാട്ടെ സിപിഎമ്മിന്‍റെ രോമത്തിൽ തൊടാനുള്ള ശേഷി ആര്‍ക്കുമില്ല. പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടും ആക്രോശിച്ചുകൊണ്ടായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസിന്‍റെ പ്രതികരണം. പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറി സംബന്ധിച്ച ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറയുകയായിരുന്നു എൻഎൻ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പൊട്ടിത്തെറിച്ചിരുന്നു.

പ്രചാരണചൂടിൽ ചേലക്കരയും പാലക്കാടും വയനാടും; സരിൻെറ പ്രചാരണത്തിന് ഷാനിബും, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന്

 

Latest Videos
Follow Us:
Download App:
  • android
  • ios