കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കൽ; കേന്ദ്രം കാരണം പോലും പറയുന്നില്ല, വിമര്‍ശിച്ച് സിപിഎം
കേന്ദ്ര നടപടി ശരിയല്ലെന്നും ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും സിപിഎം സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. കേരളത്തെ അപമാനിക്കുന്ന നീക്കങ്ങളെ ചെറുത്ത സിപിഎം നിലപാടുകൾക്ക് എതിരായ പ്രതികാരമാണ് കേന്ദ്ര നീക്കമെന്ന് സംശയിക്കണമെന്നും സിപിഎം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ കേന്ദ്രത്തെ വിമർശിച്ച് സിപിഎം. കാരണം പോലും കേന്ദ്രം പറയുന്നില്ലെന്ന് വിമർശിച്ച സിപിഎം, നിയന്ത്രണം സാമ്പത്തിക വിലക്കിന് സമാനമാണെന്നും കുറ്റപ്പെടുത്തി. കേന്ദ്ര നടപടി ശരിയല്ലെന്നും ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും സിപിഎം സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. കേരളത്തെ അപമാനിക്കുന്ന നീക്കങ്ങളെ ചെറുത്ത സിപിഎം നിലപാടുകൾക്ക് എതിരായ പ്രതികാരമാണ് കേന്ദ്ര നീക്കമെന്ന് സംശയിക്കണമെന്നും സിപിഎം കൂട്ടിച്ചേര്‍ത്തു.
പൊതുവിപണിയിൽ നിന്ന് കേരളത്തിന് കടമെടുക്കാൻ അര്‍ഹതയുള്ളതിൽ പകുതി മാത്രമാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇത്രവലിയ കടുംവെട്ട് ചരിത്രത്തിലാദ്യമാണ്. കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പ എല്ലാം സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയാണ് പരിധി ചുരുക്കിയതെന്നാണ് കേരളം കരുതുന്നത്. കാരണം ഇതുവരെ കേന്ദ്രം വ്യക്തമാക്കാത്ത സ്ഥിതിക്ക് വിശദീകരണം തേടാനാണ് ധനവകുപ്പ് തീരുമാനം. ആകെ അര്‍ഹതയുള്ളത് 32442 കോടി, കേന്ദ്രം വെട്ടിയത് 17052 കോടി, നടപ്പ് സാമ്പത്തിക വര്‍ഷം കടമെടുക്കാൻ കഴിയുന്നത് 15390 കോടി രൂപയാണ്. ഇതിനകം 2000 കോടി കടമെടുത്തതിനാൽ 13390 കോടി മാത്രമാണ് ശേഷിക്കുന്നത്. സമഗ്രമേഖലകളും നിശ്ചലമാകുന്ന സ്ഥിതിയെന്നാണ് ധനമന്ത്രി പറയുന്നത്.
വായ്പ കുറവിൽ വിശദീകരണം തേടി ധനവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്രത്തെ സമീപിച്ചെങ്കിലും മറുപടി കിട്ടിയിട്ടില്ല. കേരളത്തിന്റെ പ്രതിഷേധം അറിയിച്ച് ധനമന്ത്രിയോ മുഖ്യമന്ത്രി തന്നെ നേരിട്ടോ കേന്ദ്രത്തിന് കത്തയക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ഒരു മുന്നറിയിപ്പും ഇല്ലാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2700 കോടി വെട്ടിക്കുറച്ചത് ബജറ്റവതരണത്തിന് തലേന്നാണ്. സമാനമായ രീതിയിൽ ഇനിയും ഇടപെടലുണ്ടാകുമോ എന്നും ആശങ്കയുണ്ട്, സംസ്ഥാനത്തെ അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര നയത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത പ്രതിഷേധം ഉയരണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.