പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിൽ വലിയ ചർച്ചയായി നവീൻ ബാബു കേസ്, ചർച്ച ഇന്നും തുടരും; മറുപടി എന്താകും?

പത്തനംതിട്ടയിൽ മത്സരം ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടാനും സാധ്യതയുണ്ട്

CPM Pathanamthitta district conference details Naveen Babu issue discussed

പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം വലിയ ചർച്ചയായി മാറി. പത്തനംതിട്ട സ്വദേശിയായതിനാൽ തന്നെ നവീൻ ബാബുവിന്‍റെ മരണവും ഇതുസംബന്ധിച്ചുള്ള കേസും പാർട്ടി നിലപാടുമാണ് സമ്മേളത്തിൽ ചർച്ചയായി മാറിയത്.  നവീൻ ബാബു വിഷയത്തിൽ പാർട്ടിക്ക് ഉള്ളിൽ രൂപപ്പെട്ട ഭിന്നാഭിപ്രായമടക്കം സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടികാട്ടിയിട്ടുണ്ട്.

വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചുവെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി എന്നും ചർച്ച ഉയർന്നു. പി പി ദിവ്യ സി പി എമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറിയെന്നും പ്രതിനിധികൾ ചൂണ്ടികാട്ടി. നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്ന അഭിപ്രായവും ഉയർന്നു. സമ്മേളനത്തിലെ ചർച്ച ഇന്ന് വൈകിട്ട് വര തുടരും. ശേഷമാകും ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന നേതൃത്വത്തിന്‍റെയും മറുപടി.

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം

അതേസമയം നവീൻ ബാബുവിന്‍റെ മരണം മാത്രമല്ല, തിരുവല്ല അടക്കം ഏരിയാ കമ്മിറ്റികളിൽ രൂക്ഷമായ വിഭാഗീയത, അതിനെതിരായ സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ് എന്നിവയും പ്രതിനിധി ചർച്ചയിൽ ശക്തമായി ഉയർന്നുവന്നിരുന്നു. നേരത്തെ ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. പാർട്ടി കൺട്രോൾ കമ്മീഷനെ ജില്ലാ നേതൃത്വം തെറ്റിദ്ധരിപ്പിച്ചു, സ്ത്രീ പീഡനക്കേസിലെ പ്രതി സി സി സജിമോനെതിരെ ഒരു പരാതിയിൽ രണ്ട് നടപടി ഉണ്ടായി എന്ന് ജില്ലാ കമ്മിറ്റി റിപ്പോർട്ട്‌ നൽകി, സജിമോന്‍റെ അപ്പീലിലും ഇതുതന്നെയായിരുന്നു അവസ്ഥ തുടങ്ങിയ വിമർശനങ്ങളുന്നയിച്ച സംസ്ഥാന സെക്രട്ടറി, ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് സജിമോന് അനുകൂലമായ തീരുമാനത്തിന് ഇടയാക്കിയെന്നും ചൂണ്ടികാട്ടി. അങ്ങനെയാണ് സജിമോനെ പാർട്ടിയിൽ തിരിച്ചെടുക്കേണ്ടി വന്നതെന്നും എം വി ഗോവിന്ദൻ വിവരിച്ചു. അനർഹർ പാർട്ടി നേതൃനിരയിലേക്ക് എത്തുന്നു, അർഹരായവരും അനുഭവസമ്പത്തുള്ളവരും തഴയപ്പെടുന്നു, ഏറാംമൂളികളായിട്ടുള്ളവർക്കായി ചില നേതാക്കൾ നിലകൊള്ളുന്നുവെന്ന വിമർശനവും സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

അതേസമയം ഇന്ന് വൈകിട്ട് ചർച്ച പൂർത്തിയാകുന്നതോടെ പുതിയ ജില്ലാ സെക്രട്ടറിയെ കുറിച്ചുള്ള ആലോചനയിലേക്ക് നേതൃത്വം കടക്കും. മത്സരം ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടാനും സാധ്യതയുണ്ട്. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്ഘാടനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios