നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ വിമർശനം

ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തിൽ വിമർശനമുയര്‍ന്നു.

CPM Palakkad area meeting member criticized nava kerala sadas was complete failure

പാലക്കാട്: നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തിൽ വിമർശനമുയര്‍ന്നു.

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം നിർജീവമെന്ന് ഏരിയ സമ്മേളനത്തിൽ വിമർശനമുണ്ടായി. നിലവിലെ രീതി പിന്തുടർന്നാൽ അടുത്തകാലത്തൊന്നും മണ്ഡലം സിപിഎമ്മിന് തിരികെപ്പിടിക്കാനാവില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണസമയത്ത് എൻ എൻ കൃഷ്ണദാസിൻ്റെ പരാമർശങ്ങൾ പലതും പാർട്ടിക്ക് എതിരായെന്നും പ്രതിനിധികൾ വിമർശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂർ നടത്തിയ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിയെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

'ഇ പിക്ക് പോരായ്മ, വീണ്ടും വിവാദമുണ്ടാക്കി'; കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

അതിനിടെ, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമ൪ശനവുമായി സിപിഐ രംഗത്തെത്തി. ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോ൪ട്ടിലാണ് വിമ൪ശനം. സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധ നിലപാടുകളും അഭിപ്രായ വ്യത്യാസവും തോൽവിയിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ ആശയക്കുഴപ്പങ്ങളുണ്ടായി. മുന്നണിയിൽ ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇതിന് മണ്ഡലത്തിലെ സിപിഎമ്മിൻ്റെ സംഘടനാ ദൗ൪ബല്യം കാരണമായെന്നുമാണ് വിമ൪ശനം.

തെരഞ്ഞെടുപ്പ് സമയത്ത് പല കാര്യങ്ങളും ഘടകകക്ഷികൾ അറിഞ്ഞത് നടന്ന് കഴിഞ്ഞ ശേഷമെന്നും റിപ്പോ൪ട്ടിലുണ്ട്. മുഖ്യമന്ത്രി പാണക്കാട് തങ്ങൾക്കെതിരെ നടത്തിയ പരാമ൪ശം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കി. പിണറായി വിജയൻ രണ്ട് ദിവസം മണ്ഡലത്തിലെത്തിയെങ്കിലും കാര്യമായ ആവേശമുണ്ടാക്കിയില്ല. തെരഞ്ഞെടുപ്പ് സമയത്തെ നേതാക്കളുടെ വാക്കുകൾ നിയന്ത്രിക്കാൻ മുന്നണി നേതൃത്വത്തിനായില്ല. ട്രോളി വിവാദവും പാതിരാ റെയ്ഡും പത്രപ്പരസ്യവിവാദവും തിരിച്ചടിക്ക് കാരണമായി. വിവാദങ്ങളെല്ലാം യുഡിഎഫിന് ഒരുമിക്കാനുള്ള അവസരമൊരുക്കി. വിവാദങ്ങൾ കാരണം സ൪ക്കാ൪ നേട്ടങ്ങൾ ജനങ്ങളിലെക്കെത്തിക്കാനായില്ലെന്നും റിപ്പോ൪ട്ടിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios