അഭിനവ പിസി ജോർജാണ് അൻവർ, മദയാനയായി നടക്കാം; പാർട്ടിയെ വെല്ലുവിളിക്കാനായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കാട്ടുക്കള്ളൻമാരുടെയും സ്വർണക്കടത്തുകാരുടെയും പാർട്ടിയല്ല സിപിഎം എന്നും മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ്
മലപ്പുറം: പിവി അൻവറിനെതിരെ തെരുവിൽ പോര്‍മുഖം തുറന്ന് സിപിഎം. മലപ്പുറത്തും കോഴിക്കോടും പിവി അൻവറിനെതിരെ സിപിഎം പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറത്ത് നടന്ന പ്രതിഷേധ പൊതുയോഗത്തിൽ മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ മോഹന്‍ദാസ് അൻവറിനെതിരെ തുറന്നടിച്ചു. ഹവാല, സ്വർണക്കടത്തു ഇടപാടുകാരനാണ് പി വി അൻവർ എന്ന് ഇഎൻ മോഹൻദാസ് ആരോപിച്ചു. ജനങ്ങളെ സേവിക്കാനാണ് എം എൽ എ. അല്ലാതെ മാഫിയാ സംഘങ്ങളെ സംരക്ഷിയ്ക്കാനല്ല.
കാട്ടുക്കള്ളൻമാരുടെയും സ്വർണക്കടത്തുകാരുടെയും പാർട്ടിയല്ല സിപിഎം. അത്തരക്കാരുമായി പാർട്ടിക്ക് ഇനി ഒരു ബന്ധവുമില്ല. പി വി അൻവറിന്‍റെ ജൽപ്പനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണ്. പാർട്ടിയെ വെല്ലുവിളിച്ചാൽ ആരും ഒപ്പമുണ്ടാവില്ല. കാട്ടുക്കള്ളനെതിരെ ജനങ്ങൾ അണിനിരന്നു. പലരും പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയിട്ടുണ്ട്. പാർട്ടിക്ക് ഒരു പോറലും ഉണ്ടായിട്ടില്ല.
പല വർഗ വഞ്ചകൻമാരായ എംഎൽഎമാർ നേരത്തേയും ഉണ്ടായിട്ടുണ്ട്. അഭിനവ പി സി ജോർജാണ് അൻവർ. കമ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കാൻ അൻവർ ആയിട്ടില്ല. പി സി ജോർജിന്‍റെ ഗതിയാണ് അൻവറിനെ കാത്തിരിക്കുന്നത്. പി സി ജോർജിനെ പോലെ മദയാനയായി അൻവറിന് ഇനി നടക്കാം. ചെകുത്താന്‍റെ വേദമോതലാണ് അൻവറിന്‍റെ അഴിമതിക്കെതിരേയുള്ള ഗിരി പ്രഭാഷണം. ക്രിമിനലുകൾ പാർട്ടിയെ ഉപദേശിക്കാൻ വരണ്ടേന്നും പൊതുയോഗത്തിൽ ഇഎൻ മോഹൻദാസ് ആരോപിച്ചു.
എടവണ്ണയിലെ പൊതുയോഗത്തിൽ അൻവറിനെതിരെ ഏരിയ സെക്രട്ടറി കൊലവിളി പ്രസംഗവും നടത്തി.ധീരതയോടെ നയിച്ചോളൂവെന്ന് എട്ട് വർഷം മുമ്പ് പറഞ്ഞ അതേ പ്രവർത്തകർ വെട്ടിക്കൂട്ടി കുഴിച്ചുമൂടുമെന്നാണ് പറഞ്ഞതെന്നും അത് ചെയ്യുക തന്നെ ചെയ്യുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. ചെങ്കൊടിക്ക് മുകളിൽ വന്നാൽ ചവിട്ടിയരക്കും. പാർട്ടി പ്രവർത്തകർക്ക് നീതി വാങ്ങിക്കൊടുക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.നിലമ്പൂരിൽ നടന്ന പൊതുയോഗം സിപിഎം നിലമ്പുർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു.
കുഞ്ഞാലിയുടെ രക്തത്തിൽ കുതിർന്ന ചെങ്കൊടി തൊട്ടു അൻവർ കളിച്ചാൽ പൊറുക്കില്ലെന്ന് ഇ പത്മാക്ഷൻ പറഞ്ഞു. പാർട്ടിക്ക് എതിരായ ആക്രമണം വന്നാൽ പ്രതിരോധിക്കേണ്ടി വരും. കുഞ്ഞാലിയുടെ മാതൃക പിന്തുടരാൻ തയ്യാറുള്ള ആയിരങ്ങൾ നിലമ്പൂരിൽ ഉണ്ട്. സ്വർണം കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ വെട്ടുക തന്നെ ചെയ്യുമെന്നും പത്മാക്ഷൻ വെല്ലുവിളിച്ചു.
'ചെങ്കൊടി തൊട്ട് കളിക്കേണ്ട...' പിവി അൻവറിന്‍റെ കോലം കത്തിച്ചു, തെരുവിൽ പ്രകടനവുമായി സിപിഎം