'യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കിയത്; പിന്നിൽ യുവമോർച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥൻ': സിപിഎം നേതൃത്വം
യുവമോർച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥർ യദു കൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞു.
പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിക്കൊപ്പം പാർട്ടിയിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി സിപിഎം നേതൃത്വം. യുവമോർച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥർ യദു കൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞു. ബിജെപി വിട്ട് പാർട്ടിയിൽ എത്തിയവർക്കെതിരെ ഇനിയും ഇത്തരം ഗൂഢാലോചന പ്രതീക്ഷിക്കുന്നുവെന്നും പാർട്ടി നേതൃത്വം വിശദീകരിച്ചു.
കാപ്പാ വിവാദം കെട്ടടങ്ങും മുമ്പേയാണ് കഞ്ചാവ് കേസും എത്തുന്നത്. ആകെ പ്രതിരോധത്തിലായപ്പോൾ സ്വന്തം സർക്കാരിന് കീഴിലെ എക്സൈസിന് മേൽ എല്ലാം കെട്ടിവെച്ച് തലയൂരുകയാണ് സിപിഎം നേതൃത്വം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനും 62 പേരും സിപിഎമ്മിൽ ചേർന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ ശരണിനൊപ്പം നിൽക്കുന്ന യദു കൃഷ്ണനെന്ന യുവാവിനെ രണ്ട് ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കുമ്പഴയിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോൾ എക്സൈസ് സംഘമെത്തി പരിശോധിച്ച് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ സ്റ്റേഷൻ ജാമ്യത്തിലും വിട്ടു.
എന്നാൽ യദു കൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം. ബിജെപി ബന്ധമുള്ള ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയ്ക്കെതിരെ എസ്പിക്കും എക്സൈസ് മന്ത്രിക്കും പരാതി നൽകുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനെ മന്ത്രി വീണ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചതിന്‍റെ വിവാദം തീരും മുൻപാണ് കഞ്ചാവ് കേസ് കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്.