വിജയരാഘവൻ്റെ വിവാദ പ്രസ്താവന; പിന്തുണച്ചും ന്യായീകരിച്ചും സിപിഎം നേതാക്കൾ, വർഗീയ നിലപാടില്ലെന്ന് വിശദീകരണം

വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണ്. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ചു നിർത്താൻ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല. 

cpm leaders mv govindan pk sreemathy teacher tp ramakrishnan supports a vijayaraghavan's contravercial speach priyanka gandhi

തിരുവനന്തപുരം: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് സിപിഎം നേതാക്കൾ. എംവി ​ഗോവിന്ദനും, ടിപി രാമകൃഷ്ണനും പികെ ശ്രീമതിയും വിജയരാഘവനെ പിന്തുണച്ച് രം​ഗത്തെത്തി. വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തെയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം വർഗീയ വാദികളുടെ പിൻബലത്തിലാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. 

വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ചു നിർത്താൻ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല. വർഗീയതയെ സഹായിക്കുന്ന നിലപാടും ഇല്ല. ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനം പാർട്ടി അജണ്ടയല്ലെന്നും പറഞ്ഞ ടിപി രാമകൃഷ്ണൻ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തിൽ വർഗീയശക്തികളുടെ സഹായം ഉണ്ടെന്ന് ആവർത്തിച്ചു.

ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം. ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിൽ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ല. മുസ്ലിം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലിം വർഗീയ വാദത്തിന്റെ പ്രധാനികൾ ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. എസ്ഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയിൽ തന്നെയാണ് വോട്ട് ലഭിച്ചത്. ലീഗ് വർഗീയ കക്ഷി എന്ന് പറയുന്നില്ല. അതാകാതിരിക്കണം എന്നാണ് പറയുന്നത്. ലീഗ് കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. ലീഗിനകത്തും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിയുമായുള്ള ബന്ധത്തിൻ്റെ പ്രശ്നം ഉയർന്നുവരും. വന നിയമ ഭേദഗതിയിൽ സർക്കാർ തീരുമാനമെടുക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞതെന്ന് പികെ ശ്രീമതി പറഞ്ഞു. വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കണം. വർഗീയവാദികളുമായി കൂട്ടു കെട്ട്  ഉണ്ടാക്കിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുകയാണ്. ഹിന്ദു മുസ്ലിം വർഗീയവാദികൾക്കെതിരായ നിലപാടാണ് സിപിഎം എടുക്കുന്നതെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.

സിപിഎം ജില്ലാ സമ്മേളനം; ഇന്ന് 2 മണി മുതൽ സുല്‍ത്താൻ ബത്തേരിയിൽ ഗതാഗത നിയന്ത്രണം, ബസ്സുകൾക്കടക്കം നിയന്ത്രണം

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios