'സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണം'; ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം മണി
ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യയിൽ അധിക്ഷേപ പരാമര്‍ശവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. ജീവനൊടുക്കിയ സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം എന്ന് എംഎം മണി
ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യയിൽ അധിക്ഷേപ പരാമര്‍ശവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. കട്ടപ്പനയിലെ സൊസൈറ്റി കെട്ടിടത്തിൽ തൂങ്ങി മരിച്ച നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.
സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം എന്നും സാബുവിന്‍റെ മരണത്തിൽ വിആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ലെന്നും എംഎം മണി പറഞ്ഞു. കട്ടപ്പനയിലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമര്‍ശം. ഇതൊന്നും പറഞ്ഞ് വിരട്ടേണ്ടെന്നും സാബുവിന്‍റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എംഎം മണി പറഞ്ഞു.
സാബുവിന്‍റെ മരണത്തിൽ വളരെ ദുഖമുണ്ടെന്ന് എംഎം മണി പറഞ്ഞു. എന്നാൽ, സാബുവിന്‍റെ മരണത്തിൽ സൊസൈറ്റിയുടെ പ്രസിഡന്‍റ് സജിക്കോ ഒരു പങ്കുമില്ല. അതിനുവേണ്ടിയുള്ള ഒരു പ്രവര്‍ത്തിയും ഞങ്ങള്‍ ചെയ്തിട്ടില്ലെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. വഴിയെ പോകുന്ന വയ്യാവേലി ഞങ്ങളുടെ ചുമലിൽ കെട്ടിവെച്ച് അതിന്‍റെ പാപഭാരം തലയിലാക്കാൻ ആരെങ്കിലും നോക്കിയാൽ അത് നടക്കില്ല.
അങ്ങനെയാന്നും വീഴുന്ന പ്രസ്ഥാനമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. മാനം ഇടിഞ്ഞുവീണാലും തടയാൻ നോക്കുന്നതാണ് ഞങ്ങളുടെ മനോഭാവം. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോയെന്നും ചികിത്സിച്ചിരുന്നോയെന്നും ഡോക്ടറെ കാണിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതാണ്. എന്നാൽ, ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ നിന്നാൽ ഏതു മാന്യനായാലും ഒന്നും ചെയ്യാനാകില്ലെന്നും അത്തരം വിരട്ടലൊന്നും വേണ്ടെന്നും എംഎം മണി പറഞ്ഞു.
അതേസമയം, സാബുവിനെ അധിക്ഷേപിച്ച എം.എം മണിക്കെതിരെ നിയമനപടി സ്വീകരിക്കുമെന്ന് ബന്ധുവായ സിഎം ആന്റണി പറഞ്ഞു., കുടുംബത്തിന്റെ മാനസികാവസ്ഥ മനസിലാക്കാതെയുള്ള പ്രതികരണമാണെന്നും സിഎം ആന്റണി പറഞ്ഞു.സാബുവിനെ സിപിഎം ജില്ലാ കമ്മിറ്റി അംഗവും സൊസൈറ്റി പ്രസിഡന്‍റുമായ വിആര്‍ സജി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചിരുന്നു.
സജി ഭീഷണിപ്പെടുത്തുന്നതിന്‍റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. എന്നാൽ, സജിക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. കേസിൽ സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചിരുന്നു. സൊസൈറ്റിയിലെ സിസിടിവിയും, സാബുവിൻ്റെ മൊബൈൽ ഫോണും മൊഴികളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം
രണ്ടാഴ്ച മുമ്പാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മൂന്ന് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് പേർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.
സാബുവിന്‍റെ അമ്മ നിര്യാതയായി
ഇതിനിടെ, കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ അമ്മ മരിച്ചു. ത്രേസ്യാമ്മ തോമസ് (90) ആണ് മരിച്ചത്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിൽ ആയിരുന്നു.സംസ്കാരം വൈകിട്ട് നാലു മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ നടക്കും.
കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ ആത്മഹത്യ; ആരോപണ വിധേയനായ സിപിഎം നേതാവിനെ തൊടാതെ പൊലീസ്