'വിമർശകരെല്ലാം ശത്രുക്കളല്ല'; ഗീവർഗീസ് മാർ കൂറിലോസിന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ്
വിമർശകരെല്ലാം ശത്രുക്കൾ അല്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ കെ പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പത്തനംതിട്ട: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയോട് വിയോജിച്ച് സിപിഎം നേതാവ്. വിമർശകരെല്ലാം ശത്രുക്കൾ അല്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ കെ പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഉറച്ച നിലപാട് ഉറക്കെ പറയുന്നതാണ് നല്ലതെന്നും അതുകൊണ്ട് ആര്‍ക്കും ദോഷം ഉണ്ടാകില്ലെന്ന് കെ പ്രകാശ് ബാബു പൊതു വേദിയിലും പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടകനായ പരിപാടിയിലായിരുന്നു തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ തോല്‍വിയിലാണ് കൂറിലോസ് സിപിഎമ്മിനെ വിമർശിച്ചത്. ഇതിനെതിരെ പിണറായി രംഗത്തെത്തുകയായിരുന്നു. അതേസമയം, സർക്കാരിനെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ വിമർശിച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങനെ തന്നെ കിടപ്പുണ്ടെന്ന് മാർ കൂറിലോസ് പ്രതികരിച്ചു. ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.