മുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അൻവറിനെ നേരിടാൻ സിപിഎം; പാർട്ടി തീരുമാനം ഇന്നറിയാം

പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം.

CPM is ready to face PV Anvar after declared war against Chief Minister pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടർന്ന പി വി അൻവറിനെ നേരിടാൻ സിപിഎം. പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം. എംഎൽഎ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അൻവറിന്റെ ശ്രമം. 

ഇന്നലത്തെ വാർത്താസമ്മേളനത്തിന് പിന്നാലെ അൻവറിനെ പൂർണമായി തള്ളി കൊണ്ടായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ. പാർട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അൻവർ മാറിയെന്ന് പി ജയരാജൻ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അൻവർ മാറിയെന്ന് എം വി ജയരാജൻ പറഞ്ഞു. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവറെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയാണെന്നും വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണ്ണിച്ച ജൽപ്പനങ്ങൾ അപ്പാടെ ശർദ്ദിക്കുകയാണെന്നുമായിരുന്നു ഡിവൈഎഫ്ഐ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെയും സിപിഎം സൈബർ പോരാളികളുടെയും സ്വന്തം പിവി അൻവർ ആണിപ്പോൾ കുരിശുയുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. അൻവർ തീയായപ്പോൾ കൂടുതൽ പൊള്ളലേറ്റത് പിണറായിക്കും എം വി ഗോവിന്ദനും മുഹമ്മദ് റിയാസിനുമാണ്. ആഞ്ഞടി തുടങ്ങിയിട്ട് ആഴ്ചകളെറെയായെങ്കിലും ആരാണ് നിലമ്പൂർ എംഎൽഎയുടെ യഥാർത്ഥ ലക്ഷ്യമെന്ന് വ്യക്തമായിരുന്നില്ല. ഒടുവിൽ പാർട്ടിയെ ഞെട്ടിച്ച അൻവ‌ർ പോർമുഖം തുറന്നത് സാക്ഷാൽ പിണറായിക്ക് നേരെയാണ്. എട്ട് വർഷത്തിനിടെ മുഖ്യമന്ത്രി നേരിടുന്ന അസാധാരണ വെല്ലുവിളിയാണ് പി വി അൻവർ തുടുത്തത്. സ്വതന്ത്ര എംഎൽഎ ആയതിനാൽ പാർട്ടി അച്ചടക്കത്തിൻ്റെ വാളോങ്ങാൻ പരിമതിയുണ്ട്. പക്ഷെ ഇനി ഒരിഞ്ചും വിട്ടുവീഴ്ചക്കില്ലെന്നാണ് പാർട്ടിയുടെ നിലപാട്. പാർട്ടി ശത്രൂവായി അൻവർ സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞെന്ന് നേതാക്കൾ പറയുന്നു. താഴെതട്ടുമുതൽ അൻവറിനെതിരെ കടന്നാക്രമണം ഉറപ്പാണ്. 

എൽഡിഎഫ് ബന്ധം അൻവർ സ്വയം ഉപേക്ഷിച്ചെങ്കിലും പൊട്ടിച്ച ബോംബ് പാർട്ടിക്കുള്ളിൽ ഇനിയും ആളിപ്പടരും. പാർട്ടി നിർദ്ദേശം ലംഘിച്ച അൻവറിനെ അകറ്റുമ്പോഴും ഉന്നയിച്ച പ്രശ്നങ്ങൾ പാർട്ടിയിലെ പലനേതാക്കൾക്കും നേരത്തെയുണ്ട്. പാർട്ടിയിലും സർക്കാറിലും പിണറായിയുടെ അപ്രമാദിത്വം, റിയാസിന് കിട്ടുന്ന അമിതപ്രാധാന്യം, കോടിയേരിക്ക് കിട്ടാതെ പോയ അർഹിച്ച വിടവാങ്ങൽ- ഇവയെല്ലാം സമ്മേളനകാലത്ത് ചർച്ചയാകും. അൻവറിന് പിന്നിൽ പാർട്ടിയിലെ ചിലരുണ്ടെന്ന് നേതൃത്വത്തിന് അറിയാം. അൻവറിനെതിരെ കടുപ്പിച്ചാൽ അവരെയും നിലക്ക് നിർത്താമെന്നാണ് പ്രതീക്ഷ. പക്ഷെ എംഎൽഎ സ്ഥാനം വിടാതെ പാർട്ടിക്കെതിരെ കടന്നലാകാൻ അൻവർ ഉറപ്പിക്കുമ്പോൾ എളുപ്പമല്ല സിപിഎമ്മിന് കാര്യങ്ങൾ.

Latest Videos
Follow Us:
Download App:
  • android
  • ios