പിഎസ്‍സി കോഴ വിവാദം: '20 ലക്ഷം രൂപ തിരിച്ച് നൽകി'; പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്
പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി.
കോഴിക്കോട്: പിഎസ്‍സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി. പിഎസ്‌സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ല നടന്നതെന്നും ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാർട്ടിക്കകത്തെ വിശദീകരണം. അന്തിമ നടപടി തീരുമാനിക്കാൻ ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരും.
കോഴ വിവാദം പുറത്ത് വന്നതോടെ നടന്നത് നാടകീയ സംഭവ വികാസങ്ങളാണ്. 8 മാസത്തോളമായി പരാതിക്കാർ പാർട്ടിയെ സമീപിച്ചിട്ടും നൽകാതിരുന്ന കോഴപ്പണം വിവാദമായതോടെ തിരികെ കിട്ടി. മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയതിന് ശേഷം പൊലീസെത്തി പരാതിക്കാരെ കണ്ടു. പരാതി ഇല്ലെന്നും തുക തിരികെ കിട്ടിയാതായും വ്യാപാരി കൂടിയായ ഡോക്ടറുടെ ഭർത്താവ് പൊലീസിനെ അറിയിച്ചു. ഇത്തരമൊരു ഒത്തുത്തീർപ്പ് നടത്തി പ്രശ്നം അവസാനിപ്പിക്കുമെന്ന സൂചന വന്നതോടെയാണ് വാർത്ത പുറത്തായതെന്നും ചില പാർട്ടിക്കാർ പറയുന്നു. പരാതിക്കാർ ഇനി രംഗത്ത് വരില്ലെന്ന് ഉറപ്പായതോടെയാണ് സിപിഎം നേതൃത്വം ആദ്യം പറഞ്ഞ കാര്യങ്ങളിൽ നിന്ന് മലക്കം മറിഞ്ഞ് പരാതിയെ ഇല്ലെന്ന് വ്യക്തമാക്കിയത്.
പിഎസ്‍സി അംഗത്വത്തിനുള്ള കോഴയെന്ന ആരോപണമല്ല പാർട്ടി ചർച്ച ചെയ്തത്. വിഷയത്തിന്റെ ഗൗരവം കുറക്കാൻ വെറും സ്ഥലം മാറ്റ ശുപാർശ എന്നാണ് വിശദീകരണം. സ്ഥലം മാറ്റത്തിന് ആരെങ്കിലും 60 ലക്ഷം കോഴ നൽകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പിഎസ്‌സി അംഗത്വ നിയമനത്തിനുള്ള നീക്കം അല്ല, ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴ എന്നാണ് പാർട്ടിക്കകത്തെ വിശദീകരണം. അന്തിമ നടപടി തീരുമാനിക്കാൻ ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.