പാലക്കാട് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കി വിമതർ; കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസ് തുറന്നു
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയർത്തി സിപിഎം പ്രവർത്തകർ കഴിഞ്ഞ മാസം ഇവിടെ വിമത കൺവെൻഷൻ നടത്തിയിരുന്നു
പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യത്തിന് ജനസേവന കേന്ദ്രമായി പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയർത്തി സിപിഎം പ്രവർത്തകർ കഴിഞ്ഞ മാസം വിമത കൺവെൻഷൻ നടത്തിയിരുന്നു. മുൻ കോൺഗ്രസ് നേതാവിനെ ലോക്കൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ചാണ് 100 കണക്കിന് പേർ പങ്കെടുത്ത വിമത കൺവെൻഷൻ നടന്നത്. ജില്ലാ സെക്രട്ടറിക്ക് ധാർഷ്ട്യമാണെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷ് പറഞ്ഞിരുന്നു. ഒരു വർഷം മുൻപ് കോൺഗ്രസ് വിട്ടു വന്ന അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷിൻ്റെ നേതൃത്വത്തിലാണ് കലാപം. പ്രാദേശിക നേതാക്കൾ ഉൾപ്പടെ നൂറോളം പേർ വിമത കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ജില്ലാസെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും ധാർഷ്ട്യം അംഗീകരിക്കില്ലെന്നും സതീഷ് പറഞ്ഞിരുന്നു.