'ദിനകരന് തീർത്താൽ തീരാത്ത പക, ഒറ്റക്ക് കിട്ടിയാൽ എന്നെ തട്ടിക്കളയുമെന്ന് പേടി'; നേതൃത്വത്തിനെതിരെ പി രാജു
തനിക്ക് പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടിയില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും പി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരനെതിരെ മുൻ ജില്ലാ സെക്രട്ടറിയും എം എല്‍ എയുമായിരുന്ന പി രാജുവിന്‍റെ രൂക്ഷ വിമര്‍ശനം. എറണാകുളത്ത് സി പി ഐയില്‍ കടുത്ത വിഭാഗീയതയാണെന്ന് പി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലാ സെക്രട്ടറി കെ എം ദിനകരന് തന്നോട് തീര്‍ത്താല്‍ തീരാത്ത പകയാണെന്നും ഒറ്റക്ക് കിട്ടിയാല്‍ ജില്ലാ സെക്രട്ടറി തന്നെ തട്ടിക്കളയുമെന്ന പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൃത്രിമ കള്ളക്കണക്കുണ്ടാക്കിയാണ് തനിക്കെതിരെ ജില്ലാ സെക്രട്ടറി നടപടിയെടുത്തതെന്നും പി രാജു ആരോപിച്ചു.ജില്ലാ സെക്രട്ടറി ഓരോരുത്തരെയായി തെരഞ്ഞുപിടിച്ച് പുറത്താക്കുകയാണ്. തനിക്കെതിരായ അച്ചടക്ക നടപടി പക്ഷപാതപരമാണ്.
തനിക്ക് പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടിയില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും സാമ്പത്തിക ആരോപണം മാനസികമായി വിഷമമുണ്ടാക്കിയെന്നും പി രാജു പറഞ്ഞു. ഒരു രൂപപോലും അലവൻസ് വാങ്ങാതെയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. കൃത്രിമ കള്ളകണക്കുണ്ടാക്കിയാണ് നടപടിയെടുത്തത്.ജില്ലാ സെക്രട്ടറി കെ എം ദിനകരൻ സമ്പൂര്‍ണ പരാജയമാണ്.സി പി ഐക്ക് എറണാകുളത്ത് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും പി രാജു ആരോപിച്ചു.സി പി ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ ഇന്നലെയാണ് കടുത്ത നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
ഇന്നലെ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവിലാണ് പി രാജുവിനെതിരെ നടപടിക്ക് തീരുമാനമെടുത്തത്. ജില്ലാ കൗൺസിൽ യോഗത്തിൽ ഈ കാര്യം ചര്‍ച്ച ചെയ്യും. തീരുമാനം അംഗീകരിക്കാനാണ് സാധ്യത. പി രാജു പാര്‍ട്ടി സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. അതേസമയം, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സിപിഐ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ആരോപണങ്ങള്‍ക്കിടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പി രാജു രംഗത്തെത്തിയിരിക്കുന്നത്.