ലോകായുക്ത ബില്ലിനെ സഭയിൽ സിപിഐ എതിർക്കുമോ, പിണറായിയുടെ അടിമയല്ലെന്ന് കാനം തെളിയിക്കുമോ..? കാത്തിരുന്ന് കാണാം

ഗവർണർ-സർക്കാർ യുദ്ധമല്ല, മറിച്ച് അസാധുവായ ലോകായുക്ത നിയമഭേദഗതിയിൽ സിപിഐ സഭയിൽ എന്ത് നിലപാടെടുക്കുമെന്നതാണ് ഇനിയുള്ള വലിയ ആകാംക്ഷ.

CPI and Kanam Rajendran will face crucial question on Lokayukta Bill

സാധുവായ 11 ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഗവർണറുമായുള്ള പോരിൽ പ്രതിസന്ധി അവസാനിപ്പിക്കാൻ ഈ മാസം 22 മുതൽ പ്രത്യേക സഭാ സമ്മേളനം വിളിക്കാനുള്ള സർക്കാർ തീരുമാനം വലിയൊരു രാഷ്ട്രീയചോദ്യം കൂടി ഉയർത്തുന്നു. അത് ഗവർണർ-സർക്കാർ യുദ്ധമല്ല, മറിച്ച് അസാധുവായ ലോകായുക്ത നിയമഭേദഗതിയിൽ സിപിഐ സഭയിൽ എന്ത് നിലപാടെടുക്കുമെന്നതാണ് ഇനിയുള്ള വലിയ ആകാംക്ഷ. ലോകായുക്തയുടെ പല്ല് കൊഴിക്കുന്ന ഭേദഗതി കൊണ്ടു വരാനുള്ള തീരുമാനത്തെ അതിശക്തമായാണ് സിപിഐ എതിർത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ കാനം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഭേദഗഗതിയെ തുറന്നെതിർത്തു. അഴിമതിക്കെതിരായ ഇടതുപാർട്ടികളുടെ നിലപാടിനെ തുറിച്ച് നോക്കുന്നതാണ് ഭേദഗതി. നിയമസഭയിൽ അടക്കം എതിർക്കുമെന്ന മുൻനിലപാടിൽ നിന്നും സിപിഐ പിന്നോട്ട് പോകുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്. 

ലോകായുക്ത നിയമ ഭേദഗതി ആദ്യം കാബിനറ്റിൽ വന്നപ്പോൾ സിപിഐ മന്ത്രിമാർ മിണ്ടാതെ പിന്തുണച്ചത് വിവാദമായിരുന്നു. പാർട്ടി വടിയെടുത്തതോടെ കാബിനറ്റിൽ മന്ത്രിമാർ വ്യത്യസ്ത അഭിപ്രായവുമായി രം​ഗത്തെത്തി. പക്ഷെ കാബിനറ്റ് മിനുട്സിൽ ഭിന്നനിലപാട് രേഖപ്പെടുത്താതെ അയഞ്ഞു. പക്ഷെ നിയമസഭയിൽ എത്തുമ്പോൾ കളി മാറുകയാണ്. ലോകായുക്ത ബിൽ അവതരണ വേളയിലും പിന്നെ സബ്ജക്ട് കമ്മിറ്റിക്ക് വിടുമ്പോഴും സിപിഐ അംഗങ്ങൾക്ക് നിലപാട് വ്യക്തമാക്കേണ്ടിവരും. 

മുഖ്യമന്ത്രി അധ്യക്ഷനായ 14 -ാം സബ്ജക്ട് കമ്മിറ്റിയിൽ സിപിഐ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. സർക്കാർ ബില്ലിൽ ഭരണമുന്നണിയിലെ കക്ഷി എതിർപ്പ് രേഖപ്പെടുത്തുന്നത് അത്യപൂർവമാണ്. നേരത്തെ യുഡിഎഫ് സർക്കാർ കാലത്തെ ടിഎം ജേക്കബ് വിയോജിപ്പ് പറഞ്ഞത് കേരള നിയമസഭയിലെ മുൻചരിത്രം. പക്ഷെ പാളയത്തിൽ പട ഉയർത്തിയ ജേക്കബ് പിന്നെ യുഡിഎഫ് വിട്ടു. ഇവിടെ സിപിഐ അംഗങ്ങൾ മിണ്ടാതിരുന്നാലും വിവാദമാകും. പാർട്ടി ജില്ലാസമ്മേളനങ്ങളിലെല്ലാം കാനത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം, സെക്രട്ടറി പിണറായിയുടെ അടിമയായി എന്നാണ്. പാർട്ടി സമ്മേളന കാലത്തെ സഭാസമ്മേളനം ഇത് കൊണ്ട് തന്നെ കാനത്തിനും നിർണായകം. ഭരണം വേണം, ഒപ്പം നിലപാട് വ്യക്തമാക്കണം, പാ‍ർട്ടിയിലെ വിമർശർക്ക് മറുപടി നൽകണം. അതിന് കാനം മുതിരുമോ എന്നുള്ളതാകും സ്പെഷ്യൽ സമ്മേളനത്തിലെ സ്പെഷ്യൽ....

Latest Videos
Follow Us:
Download App:
  • android
  • ios