കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ധ്യാനം വിവാദത്തിൽ; സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികളുടെ പരാതി
മൂന്നാറില്‍ നടന്ന ധ്യാനത്തിൽ 480 വൈദികർ പങ്കെടുത്തു. ധ്യാനത്തിന് ശേഷം 80 ഓളം വൈദികർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രണ്ട് വൈദികർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഇടുക്കി: കൊവിഡ് കാലത്ത് സിഐഐ സഭ മൂന്നാറിൽ നടത്തിയ ധ്യാനം വിവാദത്തിൽ. ധ്യാനത്തിൽ പങ്കെടുത്ത ബിഷപ്പ് അടക്കം 80 വൈദികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ മരിച്ചു. സഭ നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വാസികൾ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നൽകി. വിവാദം അനാവശ്യമാണെന്നും പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ധ്യാനമെന്നും സിഎസ്ഐ സഭ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു മൂന്നാർ സിഎസ്ഐ പള്ളിയിൽ വൈദികരുടെ ധ്യാനം. ബിഷപ്പ് ധർമരാജ് റസാലം നേതൃത്വം നൽകിയ ധ്യാനത്തിൽ 480 വൈദികർ പങ്കെടുത്തു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറിൽ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികർക്ക് ശരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടർന്ന് നാട്ടിലെത്തിയിട്ടും അസ്വസ്ഥതകൾ വിട്ടുമാറാതിരുന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഫാ ബിജുമോൻ, ഫാ.ഷൈൻ ബി രാജ് എന്നിവരാണ് മരിച്ചത്. മറ്റ് വൈദികർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
ധ്യാനത്തിന് ശേഷം വൈദികർ പള്ളികളിലെത്തി ആരാധനകളിൽ പങ്കെടുത്തതിനാൽ വിശ്വാസികളും ആശങ്കയിലാണ്. 322 വൈദികരുടെ ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും 24 വൈദികർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നും സിഎസ്ഐ സഭ വിശദീകരിച്ചു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രിൽ 12 മുതൽ ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടം വ്യക്തമാക്കി. പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന ഉത്തരവ് നിലനിൽക്കുന്നതിനിടെയായിരുന്നു ധ്യാനം. അതേസമയം ഇതുസംബന്ധിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.