ലോകത്ത് ഏറ്റവും കൂടുതൽ പടരുന്ന കൊവിഡ് വകഭേദം കേരളത്തിലും; ജെഎൻ 1 അപകടകാരി, നിസാരമായി കാണരുത്; മുന്നറിയിപ്പ്
ലോകത്ത് പടർന്ന് പിടിക്കുന്ന ഒമിക്രോൺ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ. INSACOG പഠനത്തിൽ ആണ് കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമാണ് INSACOG.
ലോകത്ത് പടർന്ന് പിടിക്കുന്ന ഒമിക്രോൺ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. കേസുകൾ കുറഞ്ഞതോടെ രാജ്യത്ത് കൊവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറിയ പങ്കും ജെഎൻ 1 വകഭേദം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെയാണ് സംസഥാനത്തും ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ഫലം വരുന്നതേയുള്ളൂ. നേരത്തെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ യാത്രക്കാരനിൽ ജെഎൻ 1 കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന എക്സ് ബി ബി വകഭേദത്തെ അപേക്ഷിച്ച് ജെഎൻ ഒന്നിന് വ്യാപനശേഷി കൂടുതലാണ്. വാക്സീസിനിലൂടെയോ, ഒരിക്കൽ രോഗം വന്നത് കൊണ്ടോ ആർജ്ജിച്ചെടുത്ത പ്രതിരോധശേഷിയെ ജെഎൻ1 മറികടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനങ്ങളെന്ന് ഐഎംഎ കേരള റിസേർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
നവംബർ മുതൽ കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. ഐഎംഎയുടെ കണക്കുകൾ പ്രകാരം നവംബറിൽ ഇൻഫ്ലുവൻസ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ത് ഫ്ലൂ നെഗറ്റീവായവരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. ഒക്ടോബർ, സെപ്റ്റംബർ മാസങ്ങളിൽ ഇത് ഒരു ശതമാനമായിരുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1324 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. വ്യാപന ശേഷി കൂടുതലായ ജെഎൻ 1 പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളം ജാഗ്രത കടുപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം