രോഗികളേക്കാൾ രോഗമുക്തർ; ഇന്ന് 32762 പുതിയ കൊവിഡ് രോഗികൾ; മരണ നിരക്ക് ഉയർന്നു തന്നെ
112 മരണം ആണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. മുൻ ആഴ്ചയെ അപേക്ഷിച്ച് ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 12.1 ശതമാനം കുറഞ്ഞു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 112 മരണം ആണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 140545 സാമ്പിളുകൾ പരിശോധിച്ചു. ചികിത്സയിലുള്ളത് 331860 പേരാണ്. 48413 പേർ രോഗമുക്തരായി.
മുൻ ആഴ്ചയെ അപേക്ഷിച്ച് ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 12.1 ശതമാനം കുറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ..
തിരുവനന്തപുരം, എറണാകുളം മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഫലപ്രദം. അവശ്യ സർവീസുകൾ മാത്രമാണ് ഈ ജില്ലകളിൽ അനുമതി. പൊലീസ് നിയന്ത്രണത്തോട് ജനം സഹകരിക്കുന്നു. സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുന്നതിന് 40000 പൊലീസുകാരെ നിയോഗിച്ചു. പരിശീലനത്തിലുള്ള മൂവായിരത്തോളം പൊലീസുകാർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വളണ്ടിയർമാരാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. ഇതിനായി 3000 മൊബൈൽ പട്രോൾ സംഘങ്ങളെ നിയോഗിച്ചു.
നിയന്ത്രണം ഫലം കണ്ട് തുടങ്ങി. എന്നാൽ നിലവിലെ നിയന്ത്രണത്തിൽ അയവ് വരുത്താൻ സമയമായിട്ടില്ല. ജാഗ്രത തുടരുക തന്നെ വേണം.
ബ്ലാക് ഫംഗസ് രോഗബാധ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. പ്രത്യേക ഇനം പൂപ്പലുകളിൽ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകുന്നത്. ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരു തരം പൂപ്പലാണ്. ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല. നേരത്തെ തന്നെ ലോകത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. ഒരു ലക്ഷം പേരിൽ 14 പേർക്കായിരുന്നു രാജ്യത്ത് രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രാണാതീതമായ പ്രമേഹ രോഗികളിൽ രോഗബാധ അപകടകാരിയാകാറുണ്ട്. അവയവ മാറ്റ ശസ്ത്രക്രിയ നടന്നവരിലും കാൻസർ രോഗികളിലും ഈ രോഗം കണ്ടെത്തുന്നുണ്ട്. രോഗം കണ്ടെത്തുന്നവരിൽ 25 ശതമാനം പേരിലാണ് പ്രമേഹം നിയന്ത്രണവിധേയമായത്. പ്രമേഹ രോഗികളിൽ ഈ രോഗം അപകടകരമാകുന്ന സ്ഥിതിയാണ്. മഹാരാഷ്ട്രയിൽ കൊവിഡുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തിൽ തന്നെ മഹാരാഷ്ട്രയിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റിറോയ്ജഡ്, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകളും ഉപയോഗിക്കുമ്പോൾ രോഗം പിടിപെടാം. മഹാരാഷ്ട്രയിൽ രോഗം പിടിപെട്ടപ്പോൾ തന്നെ കേരളം ജാഗ്രത തുടങ്ങി. മലപ്പുറത്ത് റിപ്പോർട്ട് ചെയ്തതടക്കം ആകെ 15 കേസുകളാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 2019 ൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കർശനമാക്കാൻ നടപടിയെടുക്കും. ഒരാളിൽ നിന്ന് ബ്ലാക് ഫംഗസ് മറ്റൊരാളിലേക്ക് പകരില്ല. ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകാൻ മറ്റുള്ളവർ ഭയപ്പെടരുത്. പ്രമേഹ രോഗികൾ ശ്രദ്ധയോടെ രോഗം ചികിത്സിക്കണം. നിർദ്ദേശങ്ങൾക്കായി ഇ സഞ്ജീവനി സംവിധാനത്തിലൂടെ ഡോക്ടർമാരെ ബന്ധപ്പെടാം. ഗുരുതരമായ മറ്റ് രോഗാവസ്ഥയുള്ളവരും പ്രമേഹ രോഗികളും ശ്രദ്ധിക്കണം.
സർക്കാർ ആശുപത്രികളിൽ നിലവിൽ 2906 ഐസിയു കിടക്കകളുണ്ട്. 1404 കിടക്കകൾ കൊവിഡ് രോഗികളുടെയും 614 കിടക്കകൾ കൊവിഡ് ഇതര ചികിത്സയ്ക്കും ഉപയോഗിക്കുന്നുണ്ട്. 69.5 ശതമാനം ഐസിയു കിടക്കകളിലാണ് ആളുകളുള്ളത്. സംസ്ഥാനത്ത് ഒരു ദിവസം 135.04 മെട്രിക് ടൺ ഓക്സിജനാണ്. 239.24 മെട്രിക് ടൺ ഓക്സിജൻ പ്രതിദിനം ലഭ്യമാണ്. സംസ്ഥാനത്ത് 145 ഒന്നാം തല കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ 19098 കിടക്കകളുണ്ട്. 60.5 ശതമാനം കിടക്കകൾ ഇനിയും ഇവിടങ്ങളിൽ ലഭ്യമാണ്. രണ്ടാം തല കൊവിഡ് കേന്ദ്രങ്ങളിൽ (87) 8821 കിടക്കകളിൽ 50 ശതമാനത്തോളം എണ്ണം ഇനിയും അവശേഷിക്കുന്നു. 517 ഗൃഹവാസ പരിചരണകേന്ദ്രങ്ങളിൽ 22517 കിടക്കകളിൽ 70 ശതമാനം അവശേഷിക്കുന്നുണ്ട്. 232 സ്വകാര്യ ആശുപത്രികൾ കാരുണ്യ പദ്ധതിയുടെ ഭാഗമായി.
സംസ്ഥാന സർക്കാർ വില നിശ്ചയിച്ചപ്പോൾ ഗുണമേന്മയുള്ള മാസ്ക് ലഭിക്കാനില്ലെന്ന് പരാതിയുണ്ട്. കൃത്യമായി അന്വേഷിച്ച് വസ്തുത വിലയിരുത്തി തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനാകാത്ത സ്ഥിതിയിലാണ്. അവർ ബുദ്ധിമുട്ടിലാണ്. അവരെ സഹായിക്കേണ്ടതുണ്ട്. അവർക്ക് ഭക്ഷ്യക്കിറ്റ് നൽകാൻ തീരുമാനിച്ചു.
പൈനാപ്പിൾ ശേഖരിക്കുന്ന കൂട്ടത്തിൽ അതിഥി തൊഴിലാളികളും ഉണ്ടെന്നാണ് വിവരം. നിർമ്മാണ തൊഴിലാളികളെ പോലെ ഇവർക്കും ആവശ്യമായ നിയന്ത്രണം ഏർപ്പെടുത്തി തോട്ടത്തിൽ പോകാൻ ജില്ലാ ഭരണ സംവിധാനങ്ങൾക്ക് അനുവാദം നൽകാം.
മിൽമ ഉച്ചയ്ക്ക് ശേഷം പാലെടുക്കുന്നില്ല. ആ പാൽ നശിച്ചുപോകാതെ വിതരണം ചെയ്യാനാവുമോയെന്ന് ആലോചിക്കും. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ, അങ്കൺവാടികൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രോഗം ബാധിച്ചവരിലും മറ്റും പാൽ നൽകുന്ന നടപടി സ്വീകരിക്കാവുന്നതാണ്. അതിൽ ക്ഷീര കർഷകരുമായി സംസാരിച്ച് ധാരണയുണ്ടാക്കി അതതിടത്ത് പാൽ വിതരണത്തിന് ശ്രമിക്കണം.
കേരള തീരത്ത് മെയ് 19 വരെ രണ്ട് മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാകും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona