ഇന്ന് കൂടുതൽ രോഗികൾ തൃശ്ശൂരിൽ; രോഗവ്യാപനം കുറയാതെ മലപ്പുറം കൊണ്ടോട്ടി
പത്തനംതിട്ടയിൽ 59 കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. പൊലീസ് എആർ ക്യാംപ് കേന്ദ്രീകരിച്ച് ക്ലോസ്ഡ് കമ്യൂണിറ്റി ക്ലസ്റ്റർ രൂപപ്പെട്ടു. ഇവിടെയുള്ള അഞ്ച് പൊലീസുകാർക്കും ക്യാംപ് സന്ദർശിച്ച രണ്ട് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതലാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 83 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രോഗമുക്തിനിരക്കിൽ തിരുവനന്തപുരമാണ് മുന്നിൽ. ഇന്ന് 220 പേരാണ് ഇവിടെ രോഗമുക്തി നേടിയത്.
തിരുവനന്തപുരം ജില്ലയിൽ 70 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ പ്രതിരോധത്തിനായി ശക്തമായ നടപടി ഒരുക്കി. 23 സിഎഫ്എൽടിസികളിൽ 2500 കിടക്കയൊരുക്കി. 1512 പേർ വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നു. 888 കിടക്കകൾ ഒഴിവുണ്ട്. ഇനിയും കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയെ പൂർണ്ണ കൊവിഡ് ആശുപത്രിയാക്കും, അടുത്ത ഘട്ടത്തിൽ. ഇവിടെ ചികിത്സയിലുള്ള രോഗികളെ നഗരത്തിലെ സർക്കാർ ആശുപത്രികളിൽ ആവശ്യ ക്രമീകരണം ഏർപ്പെടുത്തി. 769 കിടക്കകളാണ് ജനറൽ ആശുപത്രിയിലുള്ളത്. 25 ഐസിയു കിടക്കയും ഉണ്ട്.
പത്തനംതിട്ടയിൽ 59 കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. പൊലീസ് എആർ ക്യാംപ് കേന്ദ്രീകരിച്ച് ക്ലോസ്ഡ് കമ്യൂണിറ്റി ക്ലസ്റ്റർ രൂപപ്പെട്ടു. ഇവിടെയുള്ള അഞ്ച് പൊലീസുകാർക്കും ക്യാംപ് സന്ദർശിച്ച രണ്ട് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ 53 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു .കൂടാതെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടുപേർ വിദേശത്തു നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 34 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിൽ ഇന്ന് 34 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 31 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായതാണ്. ജില്ലയിലെ ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 795 ആണ്. ഇന്ന് 146 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു. 105 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ആലുവ അങ്കമാലി പ്രദേശങ്ങളിൽ രോഗവ്യാപനം തുടരുന്നു. ഇവിടങ്ങളിൽ ഇന്ന് പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. തീരദേശമേഖലയായ വൈപ്പിൻ നായരമ്പലത്ത് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ6 മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു.
ഇന്ന് 479 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11379 ആണ്. ഇതിൽ 9802 പേർ വീടുകളിലും, 194 പേർ കോവിഡ് കെയർ സെന്ററുകളിലും 1383 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 30 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്നത്തെ രോഗികളിൽ 9 പേരുടെ രോഗഉറവിടം വ്യക്തമല്ല. ജില്ലയിലാകെ ചികിത്സയിലുള്ളത് 657 പേരാണ്. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,994 പേര്‍ക്കാണ്. 33,769 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.
മലപ്പുറം കൊണ്ടോട്ടിയിൽ രോഗ വ്യാപനത്തിന് കുറവില്ല. ഇന്ന് കൊണ്ടോട്ടിയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേർക്കാണ്. മലപ്പുറം പെരുവള്ളൂരിൽ ഒരു വയസുള്ള കുഞ്ഞടക്കം 7 പേർക്ക് സമ്പർക്കത്തിലുടെ രോഗം ബാധിച്ചു.
കണ്ണൂരിൽ ഇന്ന് 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിയാരത്ത് മാത്രം 23 പേർക്ക് രോഗം സ്ഥിരീകരിച്ചു. 47 പേർക്ക് രോഗമുക്തി ഉണ്ടായി. കോട്ടയത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 29 ൽ 28 പേരും സമ്പർക്കരോഗികളാണ്. ഏറ്റുമാനൂർ ക്ലസ്റ്ററിൽ മാത്രം ഇന്ന് 12 രോഗികൾ ഉണ്ട്. ഒന്‍പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍ പഞ്ചായത്തുകളിലെ രണ്ടു പേര്‍ വീതവും രോഗബാധിതരായി. ജില്ലയില്‍ 49 പേര്‍ രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര്‍ രോഗമുക്തി നേടി.
ഇടുക്കി ജില്ലയിൽ 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് വയസുകാരനടക്കം ചെറുതോണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരും ഇതിലുൾപ്പെടുന്നു. ഇവരെല്ലാം സമ്പർക്കരോഗികളാണ്. ജില്ലയിൽ ഇന്ന് 31 പേർ രോഗമുക്തി നേടി.
പാലക്കാട് ജില്ലയിൽ ഇന്ന് ഒരു പത്തനംതിട്ട സ്വദേശിക്ക് ഉൾപ്പടെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് വന്ന രണ്ടുപേർക്കും രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഒരു പത്തനംതിട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 36 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.