തിരുവനന്തപുരം മെഡി. കോളേജില്‍ ഗുരുതര വീഴ്ച: കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

മോർച്ചറിയിൽ പ്രസാദ് എന്ന പേരിൽ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കൊവിഡ്‌ പോസിറ്റീവ്‌ ആയിരുന്നു. ഇത് മാറി കൊണ്ട് പോയതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു. 

covid patient dead body missing from thiruvananthapuram medical college

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര വീഴ്ച. കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി. മാറി നല്‍കിയ മൃതദേഹം സംസ്കരിച്ചെന്നും അന്വേഷണവിധേയമായി ഒരു ജീവനക്കാരനെ സസ്പെന്റ് ചെയ്തതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസും കേസെടുത്തു. 

ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി സംസ്കരിക്കുന്നത്. നെയ്യാറ്റിൻകര അംബേദ്കര്‍ കോളനിയിലെ പ്രസാദിൻ്റെ മൃതദേഹമാണ് മാറിപോയത്. ശനിയാഴ്ച ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രസാദ് മരിച്ചത്. കൊവിഡ് പരിശോധനയിൽ പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോഴാണ് മാറിയെന്ന് തിരിച്ചറിഞ്ഞത്. പ്രസാദെന്ന പേരിൽ രണ്ട് മൃതദേഹം മോർച്ചറിയിലുണ്ടായതാണ് പ്രശ്നമായത്. വെള്ളായണി സ്വദേശിയായ അറുപതുകാരൻ പ്രസാദിന്റെ കുടുംബം നാൽപ്പത്തിയേഴുകാരനായ പ്രസാദിന്റെ മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചു.

മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം കൊണ്ട് പോകാവൂ എന്ന്  വെള്ളായണി സ്വദേശിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു അവർ ഉറപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടു നൽകിയതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. എന്നാലും സംഭവത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ വി മോഹന കുമാരനെ സസ്പെന്റ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios