കൊവിഡിന്‍റെ പേരില്‍ വ്യാജ പ്രചാരണം തകൃതി; പെണ്‍കുട്ടിക്ക് സാമൂഹ്യ വിലക്ക്
കോഴിക്കോട്ടെത്തിയ ഉടന്‍ പ്രത്യേക ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തത്. എന്നാല്‍ ഇവര്‍ കോളനിയിലുണ്ടെന്നും സമീപത്തെ കടകളില്‍ പോയെന്നുമുളള പ്രചാരണം നാട്ടുകാരെ പരിഭ്രാന്തരാക്കി.
കോഴിക്കോട്: കൊവിഡിന്‍റെ പേരില്‍ വ്യാജ പ്രചാരണം പൊടിപൊടിക്കുന്നു. കോഴിക്കോട്ട് ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനിയില്‍ രണ്ട് പേരെ ക്വാറന്‍റീനില്‍ പാര്‍പ്പിച്ചെന്ന വാട്സ് ആപ് പ്രചാരണം പരിസരവാസികളെ പരിഭ്രാന്തരാക്കി. വ്യാജസന്ദേശം തയ്യാറാക്കിയ ആള്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ദില്ലയില്‍ നിന്നെത്തിയ ബിരുദ വിദ്യാര്‍ത്ഥിനിക്ക് സാമൂഹ്യ വിലക്കേര്‍പ്പെടുത്തിയതായും പരാതിയുണ്ട്.
നടക്കാവിലെ കോളനിയില്‍ താമസക്കാരായ ചിലര്‍ ചെന്നൈയില്‍ നിന്നെത്തിയെന്നും അവരെ ക്വാറന്‍റീനില്‍ പാര്‍പ്പിച്ചെന്നുമായിരുന്നു വാട്ട്സ്ആപ്പ് വഴിയുളള പ്രചാരണം. പ്രചാരണത്തെത്തുടര്‍ന്ന് കോളനിയുള്‍പ്പെടുന്ന ഈ ഭാഗത്തേക്ക് വരാന്‍ തന്നെ ആള്‍ക്കാര്‍ ഭയപ്പെട്ടു. വസ്തുതയുമായി പുലബന്ധമില്ലാത്ത പ്രചാരണമാണ് വാട്സ് ആപിലൂടെ നടന്നത്. കോളനിക്കാരായ രണ്ടു കുടുംബങ്ങള്‍ ചെന്നൈയില്‍ നിന്ന് രണ്ടു ഘട്ടമായി മടങ്ങിയെത്തിയെന്നത് ശരിയാണ്.
ഇവരെ കോഴിക്കോട്ടെത്തിയ ഉടന്‍ പ്രത്യേക ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തത്. എന്നാല്‍ ഇവര്‍ കോളനിയിലുണ്ടെന്നും സമീപത്തെ കടകളില്‍ പോയെന്നുമുളള പ്രചാരണം നാട്ടുകാരെ പരിഭ്രാന്തരാക്കി. പരിസരവാസികള്‍ നല്‍കിയ പരാതിയില്‍ നടക്കാവിലെ ന്യൂറ റസിഡന്‍റസ് അസോസിയേഷന്‍ ഭാരവാഹി അശോകനെതിരെ പൊലീസ് കേസെടുത്തു. കേരള പൊലീസ് ആക്ട് സെക്ഷന്‍ 118 ബി പ്രകാരം വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.
ദില്ലി സര്‍വകലാശാലയില്‍ ബിരുദ കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടിയും കുടുംബവുമാണ് വ്യാജ പ്രചാരണത്തെത്തുടര്‍ന്ന് സാമൂഹ്യ ബഹിഷ്കരണം നേരിടുന്നത്. ഇക്കഴിഞ്ഞ 22നാണ് പെണ്‍കുട്ടി കോഴിക്കോട്ട് എത്തിയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തിയത്. വീട്ടില്‍ കൃത്യമായി ക്വാറന്‍റീന്‍ പാലിക്കുന്പോഴും പുറത്തിറങ്ങി നടന്നു എന്നടക്കമുളള പ്രചാരണം അരങ്ങേറി. തുടര്‍ന്ന് ഒരു വിഭാഗം വീടിനു മുന്നില്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചാതയും പെണ്‍കുട്ടി പറയുന്നു.