കേരളത്തിലേക്ക് എല്ലാവരെയും ഒന്നിച്ച് കൊണ്ടുവരാനാകില്ല; ആരെയും പുറന്തള്ളില്ലെന്നും മുഖ്യമന്ത്രി
തിരികെ വരാൻ ആഗ്രഹിക്കുന്നവരെ എല്ലാം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പ്രവാസികളാകെ ഒന്നിച്ച് എത്തിയാൽ വലിയ പ്രശ്നമുണ്ടാകും. രോഗികളുടെ എണ്ണം സ്വാഭാവികമായി വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിദേശങ്ങളിലടക്കം വിവിധയിടങ്ങളിലുള്ള മലയാളികളെ എല്ലാം നാട്ടിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും ഇത് ഒറ്റയടിക്ക് സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരികെ വരാൻ ആഗ്രഹിക്കുന്നവരെ എല്ലാം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പ്രവാസികളാകെ ഒന്നിച്ച് എത്തിയാൽ വലിയ പ്രശ്നമുണ്ടാകും. രോഗികളുടെ എണ്ണം സ്വാഭാവികമായി വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശങ്ങളിൽ നിന്ന് 1.34 ലക്ഷം പേരാണ് കേരളത്തിലേക്ക് തിരികെ വരാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 11000 പേർ ഇതുവരെ സംസ്ഥാനത്ത് എത്തി. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1.01 ലക്ഷം പേർ നാട്ടിലേക്ക് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ....
നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹം. എന്നാൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാൻ കഴിയില്ല. ലക്ഷക്കണക്കിന് ആളുകളാണ് വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളത്. വിസ കാലാവധി കഴിഞ്ഞവർ, വിദ്യാർത്ഥികൾ, ഗർഭിണികൾ, വയോധികർ, അവശത അനുഭവിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകണം. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1.01 ലക്ഷം പേർ വന്നു.
വിദേശത്ത് നിന്ന് 1.34 ലക്ഷം പേർ തിരികെ വരാൻ രജിസ്റ്റർ ചെയ്തു. 11000 പേർ സംസ്ഥാനത്ത് എത്തി. പ്രവാസികൾക്കായി ചില ക്രമീകരണങ്ങൾ വേണം. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളിൽ നിന്നടക്കം ആളുകൾ വരുന്നു. മറ്റിടങ്ങളിൽ നിന്ന് ആളുകൾ വരുന്നതിന് മുൻപ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 പേരാണ്. എന്നാൽ ഇന്നലെ 415 പേരായി ചികിത്സയിൽ. രോഗികളുടെ എണ്ണം സ്വാഭാവികമായി വർധിക്കും. മഹാരാഷ്ട്രയിൽ നിന്ന് വന്ന 72 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 71 പേർക്കും കർണ്ണാടകത്തിൽ നിന്നെത്തിയ 35 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 133 പേർക്ക് രോഗബാധ ഉണ്ടായി. യുഎഇയിൽ നിന്നും കുവൈറ്റിൽ നിന്നും കൂടുതൽ രോഗികൾ. തീവ്ര മേഖലയിൽ നിന്നെത്തുന്നവരെ കരുതലോടെ സ്വീകരിക്കും. ആരെയും പുറന്തള്ളില്ല.
അതിനാണ് സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നത്. രജിസ്ട്രേഷൻ ചെയ്യുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിന് ഇത് ഒഴിച്ചുകൂടാനാവില്ല. മറ്റ് പോംവഴികളില്ല. കാര്യങ്ങൾ കൈവിട്ട് പോയേക്കാം. മറ്റ് സംസ്ഥാനങ്ങളിൽ രോഗം ഇപ്പോൾ തന്നെ വ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ട്രെയിനുകൾ കേരളത്തിലേക്ക് വരുന്നു. അതിൽ പ്രശ്നമില്ല. എവിടെ നിന്ന് വന്നാലും രജിസ്റ്റർ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയിൽവെ സ്റ്റേഷനിൽ പരിശോധിച്ച് ക്വാറന്റീനിൽ അയക്കുകയാണ്. അത് വീട്ടിലുമാകാം. വീട്ടിൽ സൗകര്യമുണ്ടോയെന്ന് മനസിലാക്കണം. അതിന് ട്രെയിനിൽ വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ലഭിക്കണം. എന്നാലേ തീർച്ചപ്പെടുത്താനാവൂ.
മുംബൈയിൽ നിന്നുള്ളവരും തിരിച്ചുവരണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ രോഗം പടരാതിരിക്കാനുള്ള നിബന്ധനകൾ കർശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണം. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവരോട് സമ്പർക്കം പാടില്ല. ഇതുറപ്പ് വരുത്താൻ എല്ലാവരും ശ്രദ്ധിക്കണം.