Covid 19 : കൊവിഡ് മരണ ധനസഹായം; വിതരണത്തിൽ കടുത്ത ആശയക്കുഴപ്പം, അപേക്ഷകളുടെ എണ്ണത്തിലും കുറവ്
മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോളമെത്തുമ്പോഴും നഷ്ടപരിഹാരത്തിനായി ഇതുവരെ അപേക്ഷിച്ചത് ആറായിരത്തോളം പേർ മാത്രം. മാനദണ്ഡം അനുസരിച്ചു കണ്ടെത്തിയ അർഹർക്ക് പോലും ഇതുവരെ പണം നൽകിയിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായ വിതരണത്തിൽ കടുത്ത ആശയക്കുഴപ്പം. മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോളമെത്തുമ്പോഴും നഷ്ടപരിഹാരത്തിനായി ഇതുവരെ അപേക്ഷിച്ചത് ആറായിരത്തോളം പേർ മാത്രം. മാനദണ്ഡം അനുസരിച്ചു കണ്ടെത്തിയ അർഹർക്ക് പോലും ഇതുവരെ പണം നൽകിയിട്ടില്ല.
സംസ്ഥാനത്തെ ഔദ്യോഗിക മരണം നിലവിൽ 39,955 ആണ്. പട്ടികയിൽ ഉൾപ്പെടാനുള്ള അപ്പീലുകൾ മാത്രം 26,738 വരും. ഇതിൽ 14,692 അപേക്ഷകൾ നടപടിക്രമങ്ങളിലുമാണ്. ഇതെല്ലാം ഔദ്യോഗിക കൊവിഡ് മരണ പട്ടികയിലുൾക്ഷപ്പെടാൻ വേണ്ടിയുള്ളവയാണ്. ഈ നടപടികൾ പൂർത്തിയാക്കി, നഷ്ടപരിഹാരം ലഭിക്കാൻ റവന്യൂ വകുപ്പിലേക്ക് എത്തുന്ന അപേക്ഷകൾ വളരെ കുറവാണെന്നതാണ് കണക്ക്. ഇതുവരെ വന്നത് 6652 അപേക്ഷകൾ മാത്രമാണ്. ഇതിൽ 146 എണ്ണം അംഗീകരിച്ചു. പക്ഷെ ഇവർക്ക് പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
മരിച്ചയാളുടെ ഉറ്റബന്ധുവിനാണ് നഷ്ടപരിഹാര തുക നൽകേണ്ടത് എന്നിരിക്കെ, ആശയക്കുഴപ്പങ്ങളിൽ തടഞ്ഞാണ് നടപടി വൈകുന്നത്. ഭാര്യ മരിച്ചാൽ ഭർത്താവിനും നേരെ തിരിച്ചും നഷ്ടപരിഹാരം നൽകാമെന്നിരിക്കെ, രണ്ടു പേരും മരിച്ചാൽ കുട്ടികൾക്ക് ഇതെങ്ങനെ വീതം വെയ്ക്കും, പ്രായമായ മാതാപിതാക്കളുണ്ടെങ്കിൽ എങ്ങനെ പരിഗണിക്കും എന്നിവയിലാണ് ആശയക്കുഴപ്പം. ഇതിൽ ഉടൻ വ്യക്തത വരുത്തി തുക വിതരണം ചെയ്ത് തുടങ്ങുമെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. നഷ്ടപരിഹാരത്തിനായി അപേക്ഷകർ എത്തുന്നില്ലെന്നതാണ് വകുപ്പ് നൽകുന്ന മറ്റൊരു വിശദീകരണം. ഇതിനായി അടുത്തഘട്ടത്തിൽ വാർഡ്തല ബോധവത്ക്കരണമടക്കം ആലോചിക്കുന്നുണ്ട്.
തുക ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നാണ് സുപ്രീംകോടതിയിലും കേരളം അറിയിച്ചത്. എന്നാൽ 31,017 മരണമുണ്ടായ ദില്ലിയിൽ 25358 അപേക്ഷകൾ ഇതുവരെ എത്തി. 19,926 പേർക്കായി 99.63 കോടി വിതരണം ചെയ്യുകയും ചെയ്തു. അതേസമയം ഇതുവരെ വിവരം നൽകാത്ത സംസ്ഥാനങ്ങളുമുണ്ട്.