കൊവിഡ്; കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു, ജില്ലയിൽ മൂന്ന് വലിയ ക്ലസ്റ്ററുകൾ
ജില്ലയില്‍ മൂന്ന് പ്രദേശങ്ങളെ വലിയ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. രോഗ വ്യാപനം കൂടിയതിനാല്‍ പ്രതിരോധത്തിന്‍റെ ഭാഗമായാണ് ക്ലസ്റ്ററുകളാക്കിയത്.
കോഴിക്കോട്: പൊലീസുകാരനും ഓഫീസ് ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു. ഡി വൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥർ ക്വാറന്റൈനിലാണ്. ജില്ലയില്‍ മൂന്ന് പ്രദേശങ്ങളെ വലിയ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. രോഗ വ്യാപനം കൂടിയതിനാല്‍ പ്രതിരോധത്തിന്‍റെ ഭാഗമായാണ് ക്ലസ്റ്ററുകളാക്കിയത്.
പള്ളിക്കണ്ടി, വെള്ളയില്‍, തിരുവള്ളൂര്‍ എന്നീ പ്രദേശങ്ങളെയാണ് വലിയ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചത്. ജില്ലയിലെ ക്ലസ്റ്ററുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ ഉള്ളത് പള്ളിക്കണ്ടിയിലാണ്. ഇവിടെ അറുപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 37 പേര്‍ ചികിത്സയിലാണ്. വെള്ളയില്‍ ക്ലസ്റ്ററിൽ 60 പേരില്‍ 34 പേരും തിരുവള്ളൂരില്‍ 62ല്‍ 20 പേരും ചികിത്സയിലാണ്. ഈ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തും.
പുതുപ്പാടി ക്ലസ്റ്റര്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ രോഗികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ക്ലസ്റ്ററില്‍ നിന്ന് ഒഴിവാക്കി. നേരത്തെ വലിയ ക്ലസ്റ്ററുകളായിരുന്ന ഒളവണ്ണ, വടകര, നാദാപുരം എന്നിവിടങ്ങളില്‍ രോഗികള്‍ കുറഞ്ഞിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡും ക്ലസ്റ്ററായി പരിഗണിക്കുന്നുണ്ട്
കോഴിക്കോട് ജില്ലയിൽ ഇന്ന് 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട്പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അഞ്ച് പേര്‍ക്കും താമരശ്ശേരിയില്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1366 ആയി.