ഓൺലൈനായത് അറിഞ്ഞില്ല, പലയിടത്തും വാക്സീനെടുക്കാൻ നീണ്ട നിര, ആശയക്കുഴപ്പം, വാക്കേറ്റം
തർക്കം രൂക്ഷമായപ്പോൾ ഒടുവിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കാൻ വന്നവർക്ക് ഓൺലൈൻ റജിസ്ട്രേഷനിൽ നിന്ന് ഇളവ് നൽകാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. വിവിധ ജില്ലകളിലെ ഇന്നത്തെ വാക്സീനേഷൻ വിവരങ്ങൾ ഇങ്ങനെ..
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്സീൻ നൽകുന്നതിൽ വലിയ ആശയക്കുഴപ്പം. വാക്സിനേഷന് ഓൺലൈൻ റജിസ്ട്രേഷൻ വേണമെന്ന് അറിയാതെ നിരവധിപ്പേരാണ് രാവിലെത്തന്നെ വാക്സീൻ എടുക്കാനെത്തിയത്. ഇതേത്തുടർന്ന് ആശുപത്രി അധികൃതരും ജനങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും തർക്കവുമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ടു.
സ്പോട്ട് റജിസ്ട്രേഷൻ നിർത്തിയത് പലരും അറിഞ്ഞിരുന്നില്ല. പലരും ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യങ്ങളില്ലെന്നും സാധാരണ ഫോൺ ഉള്ളവരും വൃദ്ധരും എന്ത് ചെയ്യണമെന്നും പരാതിപ്പെട്ടു. രണ്ടാംഡോസ് എടുക്കാനുള്ളവർ വീണ്ടും ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാൻ ശ്രമിച്ചപ്പോൾ സാങ്കേതികപ്രശ്നങ്ങളുണ്ടെന്നും പരാതിയുയർന്നു.
തർക്കത്തിനൊടുവിൽ രണ്ടാംഡോസ് വാക്സീനെടുക്കാനുള്ളവർക്ക് ഇന്ന് ഓൺലൈൻ റജിസ്ട്രേഷൻ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യഡോസ് വാക്സീൻ എടുത്ത് 56 ദിവസമായവർക്ക് പ്രഥമപരിഗണന നൽകി ഇന്ന് വാക്സിനേഷൻ രണ്ടാം ഡോസ് നൽകും. ഒപ്പം ഓൺലൈൻ റജിസ്ട്രേഷൻ ചെയ്തവർക്കും വാക്സീൻ നൽകും. അല്ലാത്തവരോട് മടങ്ങിപ്പോകാനാണ് പൊലീസ് നൽകിയിരിക്കുന്ന നിർദേശം.
കോട്ടയം പാറമ്പുഴ വാക്‌സിനേഷൻ കേന്ദ്രത്തിലും വാക്സിനേഷന് നീണ്ട നിരയാണിന്ന്. സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കിയ കാര്യം അറിയാതെ വന്ന നിരവധി ആളുകൾ തിരിച്ചു പോയി. പലർക്കും രജിസ്റ്റർ ചെയ്തിട്ടും വാക്‌സിനേഷന്‍റെ സമയവും തിയതിയും മറുപടിയായി വന്നില്ലെന്ന് പരാതിയുമുണ്ട്.
കണ്ണൂർ ജൂബിലി ഹാളിലും, പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിലെയും മാസ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്പോട്ട് റജിസ്ട്രേഷൻ
കോട്ടയത്ത് ഇന്ന് പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്‌സിനേഷൻ എന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിക്കുന്നു. ആകെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഇന്ന് ജില്ലയിലുള്ളത്. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 200 പേർക്ക് മാത്രമാണ് വാക്‌സിനേഷൻ നൽകുന്നത്. മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ ഉണ്ടാവില്ലെന്നും ഡിഎംഒ അറിയിച്ചു.
കോഴിക്കോട്ടും പോർട്ടലിൽ റജിസ്റ്റർ ചെയ്തവർക്കേ ഇന്ന് വാക്സീൻ കിട്ടൂ. നിലവിൽ ജില്ലയിൽ വാക്സീൻ പ്രതിസന്ധിയില്ല. 27000 ഡോസ് വാക്സിൻ നിലവിൽ കോഴിക്കോട്ട് സ്റ്റോക്കുണ്ട്. 20000 ഡോസ് വാക്സിൻ ഇന്നെത്തും.
കോഴിക്കോട്ടെ 95 സർക്കാർ ആശുപത്രികളിലും ഇന്ന് വാക്സിൻ നൽകും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 100 പേർക്കും സിഎച്ച്‍സികളിൽ 150 പേർക്കും ജില്ലാ ആശുപത്രികളിൽ പരാമാവധി 250 പേർക്കും പ്രതിദിനം വാക്സീൻ നൽകും.
ജില്ലാ ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 42 ഇടങ്ങളിൽ ആണ് പാലക്കാട് ഇന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമേ വാക്സീൻ നൽകൂ. 10000 ഡോസ് വാക്സിൻ മാത്രമേ നിലവിൽ പാലക്കാട്ട് സ്റ്റോക്ക് ഉള്ളൂ. വാക്സിൻ സ്റ്റോക്ക് കുറവാണ്. ഇന്നോ നാളെയോ കൂടുതൽ സ്റ്റോക്ക് എത്തുമെന്നാണ് വിശദീകരണം. കേന്ദ്രങ്ങളിൽ ഇപ്പോൾ വലിയ തിരക്ക് ഇല്ല.