പ്രതിദിന കൊവിഡ് കേസുകള്‍ 100 കടന്നതോടെ കേരളം ആശങ്കയിൽ; പാലക്കാട്ടും കണ്ണൂരും അതീവജാഗ്രത
നിലവിൽ ആക്ടീവായ കേസുകൾ തന്നെ ആയിരത്തോട് അടുക്കുകയാണ്. 973 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് ചികിത്സയിലുള്ളത്. മൂന്നാം ഘട്ടത്തിലെ സമ്പർക്കരോഗികളുടെ എണ്ണം മാത്രം 110 കടന്നു.
തിരുവനന്തപുരം: ഒരു ദിവസത്തെ മാത്രം കൊവിഡ് രോഗികളുടെ എണ്ണം മൂന്നക്കം കടന്നതോടെ കടുത്ത ജാഗ്രതയിലാണ് കേരളം. സമൂഹവ്യാപന സാധ്യത ചില സ്ഥലങ്ങളിലുണ്ടെന്ന സംശയം വിദഗ്ധർ സൂചിപ്പിച്ച സാഹചര്യത്തിൽ വ്യാപകമായി ആന്‍റി ബോഡി ടെസ്റ്റിലേക്ക് നീങ്ങുകയാണ് സംസ്ഥാനം.
മൂന്നാം ഘട്ടത്തിൽ ഒരു ദിവസം സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം മൂന്നക്കം കടന്നാൽ പോലും അത്ഭുതപ്പെടേണ്ടെന്നായിരുന്നു രണ്ടാഴ്ച മുമ്പ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ പ്രവചനം. അത് സംഭവിച്ചു. ഇനി അറിയാനുള്ളത് സാമൂഹ്യവ്യാപന സാധ്യതയെന്ന വലിയ സംശയമാണ്. കേസുകൾ ഉയരുന്ന പാലക്കാടും ഒരു കുടുംബത്തിലെ 13 പേർക്ക് രോഗം ബാധിച്ച ധർമ്മടവും ഈ കുടംബാംഗങ്ങൾക്ക് രോഗമുണ്ടാകാൻ കാരണമെന്ന് സംശയിക്കുന്ന തലശ്ശേരിയിലെ മത്സ്യമാർക്കറ്റും ഉറവിടം അറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചില സ്ഥലങ്ങളും ഒക്കെയാണ് സംസ്ഥാനത്ത് ആശങ്ക കൂട്ടുന്നത്.
ഇതുപോലെ രോഗവ്യാപന തോത് കൂടിയതും അസാധാരണമായ കേസുകൾ ഉള്ളതുമായ ഇടങ്ങളിലും മുൻഗണനാ വിഭാഗങ്ങളിലും വ്യാപകമായി ആന്‍റി ബോഡി ടെസ്റ്റ് നടത്തിയുള്ള പ്രതിരോധത്തിനാണ് സംസ്ഥാനം ഇനി ഊന്നൽ നല്‍കുന്നത്. നിലവിൽ ആക്ടീവായ കേസുകൾ തന്നെ ആയിരത്തോട് അടുക്കുകയാണ്. 973 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് ചികിത്സയിലുള്ളത്. മൂന്നാം ഘട്ടത്തിലെ സമ്പർക്കരോഗികളുടെ എണ്ണം മാത്രം 110 കടന്നു. ടെസ്റ്റുകൾക്കൊപ്പം റിവേഴ്സ് ക്വാറന്‍റീൻ ശക്തമാക്കുന്നതും ഗുരുതരമായ രോഗമുള്ളവർക്ക് പ്രത്യേക പ്രോട്ടോക്കാൾ തയ്യാറാക്കുന്നതുമാണ് ഈ ഘട്ടത്തിലെ വെല്ലുവിളി നേരിടാനുള്ള സംസ്ഥാനത്തിന്‍റെ മറ്റ് നടപടികള്‍.