രാത്രികർഫ്യൂ എങ്ങനെ? നോമ്പിന് ഇളവ്, കൂടുതൽ നിയന്ത്രണം വരും, ഉന്നതതലയോഗം ചേരുന്നു
ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റി യോഗമാണ് ചീഫ് സെക്രട്ടറി വിളിച്ചു ചേർക്കുന്നത്. എല്ലാ ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും. രാത്രികാല കർഫ്യൂ എങ്ങനെ വേണമെന്ന കാര്യത്തിലാകും പ്രധാനചർച്ച.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ നടപ്പാക്കാനിരിക്കേ, നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് കോർ കമ്മിറ്റി യോഗം വിളിച്ചു. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റി യോഗമാണ് ചീഫ് സെക്രട്ടറി വിളിച്ചു ചേർക്കുന്നത്. എല്ലാ ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും.
പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ലെങ്കിലും ബസ്സുകളിലടക്കം ആളുകളെ നിയന്ത്രിക്കാനാണ് തീരുമാനം. കെഎസ്ആർടിസി ബസ്സുകളിൽ നിന്ന് യാത്ര ചെയ്യാൻ പാടില്ല. സ്വകാര്യബസ്സുകളിലും ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല.
അത്യാവശ്യങ്ങൾക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചികിത്സാ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർക്ക് ഇളവുണ്ടാകും. ആശുപത്രികളിൽ പോകുന്നവരെ ഒരു കാരണവശാലും തടയില്ല. മരുന്ന് വാങ്ങാനുൾപ്പടെ പോകുന്നവർക്കും ഇളവുണ്ടാകും. നോമ്പിന് ഇളവുണ്ടാകും. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. എന്നാൽ അനാവശ്യമായി കൂട്ടം കൂടുകയോ പുറത്തിറങ്ങുകയോ ചെയ്താൽ കർശനനടപടിയുണ്ടാകും. നിയന്ത്രണങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ്. ജനങ്ങൾ പരമാവധി നൈറ്റ് കർഫ്യൂവുമായി സഹകരിക്കണം - ഡിജിപി പറഞ്ഞു.
സർക്കാർ വിഭാഗങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വർക് ഫ്രം ഹോം എങ്ങനെ വേണമെന്ന കാര്യത്തിൽ ഇന്ന് ഉത്തരവുകൾ ഇറങ്ങിയേക്കും. ഇക്കാര്യങ്ങളിലെല്ലാം തീരുമാനങ്ങളെടുക്കാനാണ് ഇന്ന് അടിയന്തരയോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
നിയന്ത്രണങ്ങൾ ഇങ്ങനെ:
രാത്രി 9 മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് കർഫ്യു തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ, രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഹോട്ടലുകളിൽ നിന്നും രാത്രി 9 ന് ശേഷം പാർസൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നീ നിർദ്ദേശങ്ങളും ഉത്തരവിലുണ്ട്.
പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതിനും പുറത്തിറങ്ങുന്നതിനുമാണ് നിയന്ത്രണം. ചരക്ക് ഗതാഗതത്തെയും പൊതുഗതാഗതത്തെയും ബാധിക്കാതെയാണ് നിയന്ത്രണം. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ.
ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടൂള്ളു. മെയ് വരെ പിഎസ്‍സി പരീക്ഷൾ പാടില്ല. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങൾക്കും സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലൂടെ ആരാധനകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തും.