Omicron : ഒമിക്രോൺ എത്തിയാൽ കേരളം താങ്ങില്ല, കർശന പ്രോട്ടോക്കോൾ തുടരാൻ തീരുമാനം

അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നിലപാടും കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവിൽ മുൻകരുതലെന്ന നിലയിൽ  കേന്ദ്ര പ്രോട്ടോക്കോൾ പിന്തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

Covid 19 Omicron Variant Kerala Decides To Continue Precaution On The Spread

തിരുവനന്തപുരം: കൊവിഡ് 19 (Covid 19) വൈറസിന്‍റെ ഒമിക്രോൺ (Omicron) വകഭേദത്തിന്‍റെ ഭീഷണി ശക്തമായതോടെ കൂടുതൽ വിദഗ്ദ ചർച്ചകളിലേക്ക് കടന്ന് സംസ്ഥാന ആരോഗ്യവകുപ്പും (Kerala Health Department) വിദഗ്ദ സമിതിയും. ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന  കൊവി‍ഡ് വിദഗ്ദ സമിതി ചർച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ വരുന്നത് വരെ കർശന കോവിഡ് പ്രോട്ടോക്കോൾ (Covid Protocol) നടപ്പാക്കാനാണ് കേരളത്തിന്‍റെ തീരുമാനം.

50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളർച്ച. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്.   

കേരളത്തിലാകട്ടെ നിലവിൽ കൊവി‍ഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമൈക്രോൺ വകഭേദം എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക.  പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്നം തന്നെയാണ് നിലവിൽ. 

ഇക്കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചർച്ച നടത്തുന്നത്. അതുവരെ മാസക് അടക്കം കർശന കോവിഡ് പ്രോട്ടോക്കോൾ തുടരാനും, ഊർജിത വാക്സിനേഷൻ, എയർപോർട്ടുകളിലെ കർശന നിരീക്ഷണം, ക്വാറന്‍റീൻ എന്നിവയ്ക്ക് ഊന്നൽ നൽകാനുമാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം. 

സംസ്ഥാനത്തെ വൈറസിന്‍റെ ജനിതക ശ്രേണീകരണവും ശക്തമാക്കും.  ഒമൈക്രോൺ സൃഷ്ടിക്കാവുന്ന വെല്ലുവിളികൾ കാത്തിരുന്ന ശേഷം മാത്രമേ വിലയിരുത്താനാവൂ എന്ന നിലപാടിലാണ് വിദഗ്ദരെല്ലാം. 

അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നിലപാടും കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവിൽ മുൻകരുതലെന്ന നിലയിൽ  കേന്ദ്ര പ്രോട്ടോക്കോൾ പിന്തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

ഒമിക്രോൺ: പ്രത്യേകലക്ഷണങ്ങളുണ്ടോ?

ഒമിക്രോൺ വൈറസ് ബാധിച്ച രോഗികളിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്ന് വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ജലിക് കൊറ്റസീ തന്നെ പറയുന്നു. നല്ല ക്ഷീണവും ചെറിയ പേശീ വേദനയും രോഗികളിൽ ഉണ്ട്. സാധാരണ കൊവിഡിനെക്കാൾ കൂടിയ അപായസാധ്യതയൊന്നും ഇപ്പോൾ പ്രകടമല്ലെന്നും ആഞ്ജലിക് കൊറ്റസീ പറഞ്ഞു. 

ആഗോള പ്രതിസന്ധി ചർച്ച ചെയ്യാൻ ജി ഏഴ് രാജ്യങ്ങൾ അടിയന്തിര യോഗം ചേരും. രോഗഭീതിയിൽ ജപ്പാൻ അതിർത്തികൾ അടച്ചു. അതിനിടെ ചൈനയിൽ പലയിടത്തും വീണ്ടും കൊവിഡ് ഭീഷണി ഉയർത്തുകയാണ്. വടക്കൻ ചൈനയിലെ രണ്ടു പട്ടണങ്ങൾ അടച്ചു. ഒമിക്രോൺ എത്രത്തോളം ഭീഷണിയെന്നറിയണമെങ്കിൽ മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം. എത്രത്തോളം പകർച്ചശേഷിയുണ്ട്? വാക്സീനുകളെ തോൽപ്പിക്കാൻ ശേഷിയുണ്ടോ? ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാൻ ഒമിക്രോൺ കാരണമാകുമോ? ഈ ചോദ്യങ്ങൾക്ക് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ കൃത്യമായ ഉത്തരം കിട്ടൂ എന്ന ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

ഒമിക്രോണിന് ആ പേര് വന്നതെങ്ങനെ?

ഒമിക്രോണിനെ അങ്ങനെ വിളിക്കാൻ തീരുമാനിച്ചത് ലോകാരോഗ്യ സംഘടനയാണ്. കൊവിഡിന്‍റെ ഓരോ വകഭേദം വരുമ്പോഴും, തിരിച്ചറിയാൻ ശാസ്ത്രീയ നാമമുണ്ടാകും. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതിന്‍റെ ശരിക്കുള്ള പേര് B.1.1.529 എന്നാണ്. പറയാനും ഓർക്കാനും പാടായതിനാൽ ലോകാരോഗ്യ സംഘടന വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തിലെ അക്ഷരങ്ങളാണ് പേരായി ഇട്ടത്. അങ്ങനെ ബ്രിട്ടനിൽ കണ്ടെത്തിയത് ആൽഫയും, ഇന്ത്യയിൽ കണ്ടെത്തിയത് ഡെൽറ്റയുമൊക്കെയായി.

എല്ലാ വകഭേദവും മാരകമായിരിക്കില്ല. അതിനാൽ മാരകമായതിന്‍റെ പേര് മാത്രമാണ് കൂടുതലായി കേൾക്കുക. അങ്ങനെ പേരിട്ട് വന്ന ലോകാരോഗ്യ സംഘടന രണ്ട് അക്ഷരങ്ങൾ ഒഴിവാക്കിയാണ് ഒമിക്രോൺ എന്ന പേരിലെത്തിയത്. 

നു, സി എന്നീ അക്ഷരങ്ങൾ ഒരു കൊവിഡ് വകഭേദത്തിനും പേരായി നൽകിയിട്ടില്ല. നു, പുതിയത് എന്ന അർത്ഥം വരുന്ന ന്യു എന്ന ഇംഗ്ലീഷ് പദവുമായി ആശയക്കുഴപ്പം ഉണ്ടാക്കും എന്നതിനാലും സി, ചൈനയിലെ പ്രധാന പേരായതിനാലുമാണ് ഒഴിവാക്കിയതെന്ന് ലോകാരോഗ്യസംഘടന തന്നെ പറയുന്നു. നിലവിൽ മാരകമാണെന്ന കരുതുന്ന അഞ്ച് വകഭേദങ്ങളാണ് കൊവിഡിനുള്ളത്. 

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, പിന്നെ ഒമിക്രോണും ലോകത്തെ ഭീഷണിയിലാക്കുകയാണ്. 
മറ്റ് വകഭേദങ്ങളുടെ ശേഷി കുറഞ്ഞിരിക്കുന്നു. ഇനി വരുന്ന അടുത്ത വകഭേദത്തിന്‍റെ പേര് പൈ എന്നായിരിക്കും. കൂടുതൽ വ്യാപനശേഷിയുള്ള മാരകമായ വകഭേദമാണെങ്കിൽ മാത്രമാകും നമ്മൾ ഈ പേര് ഉയർന്നു കേൾക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios