സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ നാലിലൊന്നും വൃദ്ധർ, ആശ്വാസമായി 78കാരന് രോഗമുക്തി

കോഴിക്കോട്ട് ദുബായിൽ നിന്ന് എത്തിയ 78-കാരനാണ് രോഗമുക്തിയെന്നത് ആശ്വാസമാകുമ്പോഴും, കോട്ടയത്ത് ദുബായിൽ നിന്ന് എത്തിയ 83-കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നു.

covid 19 number of old age people who are in treatment for covid 19 in kerala as od 21 may 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് പുതുതായി സ്ഥിരീകരിച്ചതിൽ ആറ് പേർ അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. ഇന്ന് പുതുതായി രോഗം കണ്ടെത്തിയവരിൽ കണ്ണൂരിൽ രണ്ട് പേരും, പാലക്കാട്ടും, കോട്ടയത്തും, കൊല്ലത്തും, ആലപ്പുഴയിലും ഓരോരുത്തരും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. മെയ് 11-ന് ദുബായ് കൊച്ചി വിമാനത്തിൽ വന്ന 83 വയസ്സുള്ള മാങ്ങാനം സ്വദേശിനിക്ക് അടക്കമാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോഴിക്കോട്ട് മെയ് 7-ന് ദുബായിൽ നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച 78-കാരന് രോഗം ഭേദമായത് ആശ്വാസം പകരുന്ന വാ‍ർത്തയുമായി. 

വൃദ്ധരുടെ രോഗമുക്തിനിരക്കിൽ ഇപ്പോഴും രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമാണെങ്കിലും, വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരികെ വരുന്ന വൃദ്ധരുടെ കണക്കിലും, ഇവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളൊരുക്കുന്നതിലും സംസ്ഥാനം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 

മെയ് 11ന് ദുബായ് - കൊച്ചി വിമാനത്തില്‍ എത്തിയ മാങ്ങാനം സ്വദേശിനി (83)ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായമേറിയ ആൾ. വിദേശത്ത് നിന്ന് എത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു ഇവരും ഭർത്താവും. ഇവിടെ താമസിച്ചിരുന്ന ഇവരുടെ ഭര്‍ത്താവിന്‍റെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇദ്ദേഹം വീട്ടിലെത്തി ക്വാറന്‍റയിനില്‍ തുടരുകയാണ്. മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ഇവര്‍ ദുബായില്‍ പോയത്. 

കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ച നാല് പേരിൽ രണ്ട് പേരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. പെരിങ്ങത്തൂർ സ്വദേശിയായ 67 കാരൻ മെയ് ആറാം തീയതി ഗുജറാത്തിൽ നിന്ന് തിരികെ വന്നയാളാണ്. മെയ് 16-ന് രാജധാനി എക്സ്പ്രസിൽ വന്ന കോട്ടയം മലബാർ സ്വദേശിയായ 70-കാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. പെരിങ്ങത്തൂർ സ്വദേശി തലശ്ശേരി ജനറൽ ആശുപത്രിയിലും, കോട്ടയം മലബാർ സ്വദേശി അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് ചികിത്സാകേന്ദ്രത്തിലുമാണ് ചികിത്സയിലുള്ളത്. 

പാലക്കാട്ട് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാളാണ്. ചെന്നൈയിൽ നിന്ന് വന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശി (64)ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ പുതുതായി രോഗം സ്ഥിരീകരിച്ച മാവേലിക്കര താലൂക്ക് സ്വദേശിയായ 60 വയസ്സുകാരൻ മെയ് 9-ലെ കുവൈറ്റ് -കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്നു. ചെറിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും,  രോഗലക്ഷണങ്ങൾ മാറിയതിനെ തുടർന്ന് 11-ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി. കൊല്ലത്ത് തിരുമുല്ലവാരം സ്വദേശിയായ 63-കാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം അബുദാബി - തിരുവനന്തപുരം വിമാനത്തിൽ ഈ മാസം 16-ന് എത്തിയതാണ്. 

മറ്റ് രോഗികളുടെ വിവരങ്ങൾ ഇങ്ങനെ:

കണ്ണൂരിൽ പയ്യന്നൂർ സ്വദേശിയായ 45-കാരിക്കും, 59-കാരനായ മൊകേരി സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ് ഇവർ. 19 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. 

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അബുദബിയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശിനി (24), ക്വലാലംപൂരില്‍ നിന്നെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിയായ 21-കാരന്‍, കുവൈത്തില്‍ നിന്നെത്തിയ രണ്ടത്താണി ചിറ്റാനി സ്വദേശി 59-കാരന്‍, മുംബൈയില്‍ നിന്ന് ഒരുമിച്ചെത്തിയ തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി 50-കാരന്‍, തെന്നല തറയില്‍ സ്വദേശി 45-കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ. ഇവര്‍ അഞ്ച് പേരും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം ജില്ലയിൽ ആകെ ചികിത്സയിൽ 35 പേരാണുള്ളത്. 

കൊല്ലത്ത് പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ പുട്ടപർത്തിയിൽ നിന്ന് തിരികെ വന്നതാണ്. 30 വയസ്സുള്ള യുവാവാണിത്. നിലവിൽ 9 പോസിറ്റീവ് കേസുകൾ ഉൾപ്പടെ 10 പേരാണ് കൊല്ലത്ത് ആശുപത്രി നിരീക്ഷണത്തിലുള്ളത്.

ആലപ്പുഴയിൽ ചെന്നൈയിൽ നിന്ന് 13-ന് സ്വകാര്യ വാഹനത്തിൽ  എത്തിയ ചെങ്ങന്നൂർ ബ്ലോക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. 13-ന് വീട്ടിലെത്തിയ ഇദ്ദേഹം ഹോം ക്വാറന്‍റൈനിൽ ആയിരുന്നു. 60-കാരനുൾപ്പടെ രണ്ട് പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആലപ്പുഴ ജില്ലയിൽ എട്ടുപേരാണ് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്.

കാസർകോട് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ചെങ്കള സ്വദേശിയായ 41-കാരനാണ്. ഈ മാസം 18-ന് ദുബൈയിൽ നിന്ന് വന്നതാണ് ഇദ്ദേഹം. 

കോട്ടയത്ത് മെയ് 11-ന് ദുബായ് - കൊച്ചി വിമാനത്തിൽ വന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി(42)ക്കും, മെയ് ഒന്‍പതിന് കുവൈറ്റ്- കൊച്ചി വിമാനത്തില്‍ എത്തിയ നീണ്ടൂര്‍ സ്വദേശി(31)ക്കുമാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. കോട്ടയത്ത് പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥീരീകരിച്ച് അമ്മയ്ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസുള്ള കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായെന്നത് ആശ്വാസവാർത്തയായി. 

നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിനു പുറമെ, മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിലുണ്ട്. 

തൃശ്ശൂരിൽ 17-ന് അബുദാബിയിൽ നിന്ന് എത്തിയ പുതുക്കാട് സ്വദേശി (34), വേലൂപ്പാടം സ്വദേശി (55), മാള സ്വദേശി(31) എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് കുവൈറ്റിൽ നിന്ന് എത്തിയ കൊച്ചുവേളി സ്വദേശിക്കും ബോംബെയിൽ നിന്നെത്തിയ പാറശ്ശാല സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios