കൊവിഡ് മരണക്കണക്കിൽ ആശയക്കുഴപ്പമില്ലെന്ന് വിദഗ്‍ധസമിതി, സർക്കാർ വിശദീകരണം തൃപ്തികരം
ഇതുവരെ റിപ്പോർട്ട് ചെയ്ത എല്ലാ മരണങ്ങളും കൊവിഡ് മൂലമാണെന്ന് കണക്കാക്കിയാൽ പോലും കേരളത്തിലെ മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക വിഷയമാണെന്നും ഡോ. ബി ഇഖ്ബാൽ.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ നീങ്ങിയെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ. സർക്കാർ വിശദീകരണം തൃപ്തികരമാണ്. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക വിഷയമാണ്. കേരളത്തില്‍ രോഗവ്യാപനം കൂടിയത് ആരോഗ്യവകുപ്പിന്‍റെ നോട്ടപ്പിശകല്ല. സംശയം ഉയർന്ന മരണങ്ങൾ കൂട്ടിയാൽ പോലും കേരളത്തിന്റെ മരണനിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നും ബി.ഇഖ്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോവിഡ് 19 പുതിയ രോഗം, പുതിയ അറിവുകൾ, സമീപനങ്ങൾ
സാർസ് കോറാണ വൈറസിനോട് സാമ്യമുള്ള സാർസ് കോറോണ വൈറസ് 2 എന്ന വൈറസാണ് കോവിഡ് 19 (Corona Virus Disease 19) നുള്ള കാരണമെങ്കിലും കോവിഡ് 19 ഒട്ടനവധി തനിമകളുള്ള ഒരു പുതിയ രോഗമാണ്. ദിവസം കടന്ന് പോകുന്തോറും കോവിഡിനെ സംബന്ധിച്ച് പുതിയ നിരവധി വിവരങ്ങൾ ഗവേഷകർ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. ഇവയെല്ലം പരിശോധിച്ച് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺ ട്രോൾ ആന്റ് പ്രിവൻഷനും ലോകരാജ്യങ്ങൾക്കും അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകൾക്കും കാലാകാലങ്ങളിൽ നിർദ്ദേശങ്ങൾ നൽകിവരുന്നു.
ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ നിയോഗിച്ചിട്ടുള്ള കോവിഡ് വിദഗ്ധസമിതി ആരോഗ്യവകുപ്പിനു നിർദ്ദേശങ്ങൾ നൽകാൻ ശ്രമിക്കുന്നത്.
1. ശരീര ദൂരം പാലിക്കുക, കൈകൾ വൃത്തിയായി സോപ്പും സാനിസൈറ്ററൂം ഉപയോഗിച്ച് കഴുകുക, ചുമക്കുമ്പോൾ ടവ്വലുപയോഗിക്കയോ കൈ പിണച്ച് വച്ച് അതിലേക്ക് ചുമക്കുക എന്നീ നിർദ്ദേശങ്ങളാണ് രോഗം പകരുന്നത് തടയാൻ ലോകാരോഗ്യ സംഘടന ആദ്യമൊക്കെ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ . പിന്നീട് രോഗവ്യാപനത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നതിനെ തുടർന്നാണ് ആവർത്തിച്ച് കഴുകാവുന്ന മാസ്ക് ഉപയോഗിക്കേണ്ടതാണെന്ന് നിർദ്ദേശത്തിലേക്ക് ലോകാരോഗ്യ സംഘടന എത്തിയത്. ഇക്കാര്യം വിദഗ്ധസമിതി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ആരോഗ്യ വകുപ്പ് ഈ നിർദ്ദേശം സ്വീകരിച്ചു. തുടർന്ന് ഒരു സംസ്ഥാനത്ത് ആദ്യമായി മാസ്ക് ഉപയോഗിച്ച് തുടങ്ങിയത് കേരളത്തിലായിരുന്നു.
2. ആദ്യഘട്ടത്തിൽ പനി, ചുമ, ശരീരവേദന, ശ്വാസം മുട്ടൽ എന്നീവയാണ് കോവിഡ് 19 ന്റെ പ്രധാന രോഗലക്ഷണങ്ങൾ എന്നാണ് കരുതിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തെർമൽ സ്കാനറും മറ്റും ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇപ്പോഴുള്ള വിവരമനുസരിച്ച് ഏതാണ്ട് 60 ശതമാനം കോവിഡ് രോഗികളും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവരാണ്. (Asymptomatic) ഇങ്ങനെയുള്ളവരെ വീടുകളിൽ വച്ച് തന്നെ പരിചരിക്കാൻ പലരാജ്യങ്ങളും ശ്രമിച്ചു വരുന്ന വിവരം കോവിഡ് വിദഗ്ദ്ധസമിതി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഇതംഗീകരിച്ച് ഉപാധികളോടെ (അപകട സാധ്യതയുള്ള പ്രായാധിക്യമുള്ളവർ, മറ്റ് രോഗമുള്ളവർ എന്നിവരൊഴികെയുള്ളവർ) രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിൽ പരിചരിക്കുന്നതിനുള്ള വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
3. മറ്റൊരു പ്രശ്നമാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ചി ട്ടുള്ള മാനദണ്ഡങ്ങളുടേത്. കൂടുതലും പ്രായാധിക്യമുള്ളവരിലും മറ്റ് അനുബന്ധരോഗമുള്ളവരിലും സംഭവിക്കുന്നത് കൊണ്ട് കോവിഡുമൂലമുള്ള മരണം വേർതിരിച്ച് കണക്കാക്കുക അത്ര എളുപ്പല്ല. ഇത് പരിഗണിച്ച് ലോകാരോഗ്യ സംഘടനയും ഐ സി എം ആറും പുറത്തിറക്കിയ മാനദണ്ഡങ്ങളിലും അവ്യക്തതകളുണ്ടെന്ന് അഭിപ്രായമുള്ളവരുണ്ട്. കോവിഡ് മൂലമാകാൻ സാധ്യതയുള്ള എല്ലാ മരണങ്ങളും സംസ്ഥാന മെഡിക്കൽ ബോർഡിലെ വിദഗ്ധർ വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മരണം കോവിഡു കൊണ്ടാണോ അല്ലയോ എന്നത് ഒരു സാങ്കേതിക വിഷയമാണ്. എങ്കിലും എല്ലാ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചിലർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ അതെല്ലാം പരിശോധിച്ച് തെറ്റിദ്ധാരണങ്ങൾ നീക്കം ചെയ്യണമെന്ന് ആരോഗ്യവകുപ്പിനോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലുള്ള ആശങ്കകൾ പരിഹരിച്ച് കൊണ്ട് തൃപ്തികരമായ വിശദീകരണം ആരോഗ്യ വകുപ്പ് മാധ്യമങ്ങൾക്ക്നൽകിയിട്ടുണ്ട്. മാത്രമല്ല എല്ലാ കോവിഡ് മരണങ്ങളും ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ചിലർ ഇപ്പോഴും അടിസ്ഥാനമില്ലാതെ ആവർത്തിച്ച് കൊണ്ടിരിക്കുന്ന മരണങ്ങൾ കോവിഡ് മരണമായി കണക്കാക്കിയാൽ പോലും കേരളത്തിലെ കോവിഡ് മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും കാണാൻ കഴിയും.
4. കേരളത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നോട്ടപിശകായി ചിലർ ചൂണ്ടികാട്ടിയതായി കാണുന്നു. ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനത്തെ നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. രോഗമില്ലാത്ത അവസ്ഥ (പുറമേ നിന്നും രോഗവാഹകർ എത്താത്തപ്പോൾ), അവിടവിടെ രോഗികൾ കാണപ്പെടുന്ന സ്ഥിതി (Sporadic Cases ), എതെങ്കിലും പ്രദേശത്ത് കേന്ദ്രകരിച്ച് കൂടുതൽ രോഗികളുണ്ടാവുന്ന ക്ലസ്റ്ററിംഗ് (Clustering), സാമൂവ്യാപനം. (Community Transmission). മിക്ക രാജ്യങ്ങളും ഇന്ത്യൻ സംസ്ഥാനങ്ങളും ഈ നാലു ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്. കോവിഡ് രോഗവ്യാപന നിരക്ക് വളരെ കൂടുതലായത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ സാമൂഹ്യ വ്യാപന സാധ്യതയുണ്ടെന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി തന്നെചൂണ്ടികാട്ടിയിരുന്നു. മറ്റൊരു സംസ്ഥാനത്തെ ഭരണ നേതൃത്വവും ഇത്തരത്തിലുള്ള ആർജ്ജവം കാട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
ഈ ഘട്ടത്തിൽ രോഗികളുടെ എണ്ണം എത്ര വർധിച്ചാലും അവർക്കാവശ്യമായ തരത്തിൽ ഗുരുതരമായ രോഗികളെ ചികിത്സിക്കാനാവശ്യമായ വെന്റിലേറ്ററുകളുള്ള ഐ സിയുവും അത്ര ഗുരുതരമല്ലാത്തവരെ ചികിത്സിക്കുന്നതിനുള്ള കോവിഡ് ഫസ്റ്റ് ലൈൻ ചി,കിത്സകേന്ദ്രങ്ങളും സംസ്ഥാനസർക്കാർ ഊർജ്ജിതമായി സംഘടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
5. കോവിഡ് വാക്സിൻ ഏതെങ്കിലും രാജ്യം ഈ വർഷാവസാനമോ അടുത്ത വർഷാരംഭത്തിലോ മാർക്കറ്റ് ചെയ്യുമെന്ന് തീർച്ചയാണ്. അങ്ങിനെ വാക്സിൻ ലഭിച്ച് കഴിഞ്ഞാൽ മുൻ ഗണനാപ്രകാരം ആർക്കൊക്കെ നൽകണമെന്നതാണ് ഇപ്പോൾ സാർവദേശീയ ദേശീയതലത്തിൽ നടക്കുന്ന പ്രധാന ചർച്ച. ഇക്കാര്യം വിദഗ്ധസമിതി പരിശോധിച്ച് വരികയാണ്. വ്യക്തമായ ധാരണയിലെത്തിക്കഴിഞ്ഞാൽ ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സർക്കാരിന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ കൂടുതൽ വിവരങ്ങൾ ദിനം പ്രതി ലഭിച്ച് കൊണ്ടിരിക്കുന്ന കോവിഡ് പോലുള്ള ഒരു പുതിയ രോഗത്തെ നേരിടുമ്പോൾ സ്വാഭാവികമായി നേരിടേണ്ടിവരുന്ന വെല്ലുവിളികൾ മനസ്സിലാക്കി കോവിഡ് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ എല്ലാ ശക്തിയും സമാഹരിച്ച് ജനപങ്കാളിത്തോടെ നടത്തിവരുന്ന കഠിന പ്രയത്നത്തോട് എല്ലാവരും സഹകരിക്കേണ്ടതാണ്. അതേയവസരത്തിൽ കൂടുതലായി ശ്രദ്ധിക്കേണ്ട മേഖലകൾ ചൂണ്ടിക്കാട്ടിയാൽ അവ അർഹിക്കുന്ന ഗൌരവത്തോടെ പരിഗണിക്കുന്നതുമാണ്.
- Covid 19
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- Covid Statistics Kerala
- India Lock Down Updates
- Lock Down India
- Lock Down Kerala
- New Covid Statistics Kerala
- Today Covid Kerala കൊവിഡ് 19
- ഇന്നത്തെ കൊവിഡ് കണക്ക്
- ഏറ്റവും പുതിയ കൊവിഡ് കണക്ക്
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ ഇന്ത്യ
- ലോക്ക് ഡൗൺ കേരളം