കൊവിഡ് രോഗവ്യാപനം രൂക്ഷം; എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങൾ തുടരും

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയിലെ വിവിധയിടങ്ങളിലായി 243 കേസുകൾ രജിസ്റ്റർ ചെയ്യുകയും  160 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

covid 19 lock down strict restriction in eranakulam

കൊച്ചി: കൊവിഡ് രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് ലോക്ഡൗണിന്റെ മൂന്നാം ദിവസവും കര്‍ശന നിയന്ത്രണങ്ങൾ തുടരും. യാത്ര പാസ് നൽകിത്തുടങ്ങിയെങ്കിലും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച 55 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയിലെ വിവിധയിടങ്ങളിലായി 243 കേസുകൾ രജിസ്റ്റർ ചെയ്യുകയും  160 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് ലക്ഷത്തി അറുപത്തെണ്ണായിരം രൂപ പിഴുയം ഈടാക്കി. ഇന്നലെ ജില്ലയിൽ 4767 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃക്കാക്കര, തൃപ്പൂണിത്തുറ, കടുങ്ങല്ലൂര്‍, ആലങ്ങാട് എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്.
 
അതേസമയം വാക്സീൻ രണ്ട് ഡോസ് സ്വീകരിച്ചിട്ടും എറണാകുളം ജില്ലയിലും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജില്ലയിൽ 67 ആരോഗ്യപ്രവർത്തകർക്കാണ് കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം കൊവിഡ് പോസിറ്റിവായത്. കൊച്ചി സിറ്റി പരിധിയിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 38 പൊലീസുകാർക്കും കൊവിഡ് സ്ഥിരികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios