സംസ്ഥാനത്ത് 57 പേര്‍ക്ക് കൂടി കൊവിഡ്; 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവര്‍, മൊത്തം 708 രോഗികള്‍

ലോക്ക് ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ ഇളവരുകൾ പ്രഖ്യാപിച്ചതോടെ അൺലോക്ക് വൺ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേരളം .തിങ്കളാഴ്ച മുതൽ അന്തര്‍ ജില്ലാ ബസ് സര്‍വ്വീസ് തുടങ്ങാനാണ് തീരുമാനം 

Covid 19 kerala situation pinarayi vijayan press meet

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കാസർകോട് 14, മലപ്പുറം 14, തൃശ്ശൂർ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറമാകുളം മൂന്ന്, ആല്പ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്.  

ർകോഴിക്കോട് ചികിത്സയിലിരുന്ന സുലേഖ മരിച്ചു. ഇതോടെ കേരളത്തിൽ കൊവിഡ് മരണം പത്തായി. 18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതുവരെ 1326 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേർ ഇപ്പോൾ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും 138397 പേർ ഉണ്ട്. 1246 പേർ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകൾ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗത്തിലെ 13470 സാമ്പിളുകൾ ശേഖരിച്ചു. 13037 നെഗറ്റീവാണ്. ആകെ 121 ഹോട്ട്സ്പോട്ടുകൾ ഉണ്ട് ഇപ്പോൾ. പുതുതായി പാലക്കാട് കണ്ണൂർ ജില്ലകളിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ. ഒൻപത് മലയാളികൾ വിദേശത്ത് ഇന്ന് മരിച്ചു. 210 പേർ ഇങ്ങനെ ഇതുവരെ മരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും മലയാളികൾ മരിക്കുന്നു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കാണാനാവാത്ത സ്ഥിതിയാണ്. വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.

മെയ് നാലിന് ശേഷം ഉണ്ടായ കേസുകളിൽ 90 ശതമാനവും പുറത്ത് നിന്ന് വന്നവരാണ്. മെയ് നാലിന് മുൻപ് അത് 67 ശതമാനമായിരുന്നു. മെയ് 29 ന് ശേഷം ശരാശരി മൂവായിരം ടെസ്റ്റുകൾ നടത്തുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യുവിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികൾക്ക് 15 ദിവസ കാലാവധിയുള്ള താത്കാലിക പാസ് നൽകും. 3075 മാസ്ക് ധരിക്കാത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച ഏഴ് പേർക്കെതിരെ ഇന്ന് കേസെടുത്തു.

ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള നിർദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. ചിലകാര്യങ്ങളിൽ നിയന്ത്രണം തുടരാനോ കർക്കശമാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം വരുത്തണം. കേന്ദ്ര നിർദ്ദേശം സംസ്ഥാനം പരിശോധിച്ചു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്റൈൻ പരാജയപ്പെടും. പ്രായമായവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും.

ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേരെന്ന പരിധി വച്ച് വിവാഹ ചടങ്ങുകൾ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹത്തിന് മാത്രം അനുവാദം നൽകും. വിദ്യാലയങ്ങൾ ജൂലൈ മാസത്തിന് ശേഷമേ സാധാരണ നിലയിൽ തുറക്കൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തിൽ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.

കണ്ടെയ്ൻമെന്റ് സോണിൽ ജൂൺ 30 വരെ പൂർണ്ണ ലോക്ക്ഡൗൺ. സംസ്ഥാനത്തേക്ക് അതിർത്തിക്ക് പുറത്ത് നിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാം. രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം.

കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താം. 50 പേരിൽ കൂടുതൽ പാടില്ല. ചാനലുകളിൽ ഇൻഡോർ ഷൂട്ടിങിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂ.പൊതുമരാമത്ത് ജോലികൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പത്ത് ദിവസത്തേക്ക് പാസ് നൽകും.

കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോൾ പ്രഥമ പരിഗണന പ്രതിരോധമാർഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി പടർന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈൻ ഘട്ടങ്ങൾ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്മെന്റിനും മാത്രം ഊന്നൽ നൽകി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടൽ കൊണ്ടാണ്.

കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനം. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാൽ മികവറിയാം. ഒരു രോഗിയിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തിൽ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളിൽ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തിൽ ആദ്യ മൂന്ന് കേസ് വുഹാനിൽ നിന്നെത്തി. ഇവരിൽ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാൻ നമുക്ക് സാധിച്ചു.

ഇന്ത്യയിൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ജനുവരി 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 19 ന് സംസ്ഥാനം ഉത്തരവിറക്കി. 21 ന് സ്ക്രീനിങ്ങിന്‍റെ മാനദണ്ഡം തീരുമാനിച്ചു. 26 ന് ആദ്യ കേസ് രേഖപ്പെടുത്തി. അപ്പോഴേക്കും നമ്മൾ രോഗവ്യാപനം തടയാനുള്ള സംവിധാനം ഏർപ്പെടുത്തി. അടുത്ത ഘട്ടത്തിൽ കേരളത്തിലെ കൊവിഡ് കേസുകളിൽ 75 ശതമാനം പുറത്ത് നിന്ന് വന്നതും 25 ശതമാനം സമ്പർക്കത്തിലൂടെയും ഉണ്ടായി. ഈ സാഹചര്യത്തിൽ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പർ 0.45 ആക്കി നിലനിർത്താനായി. ലോകശരാശരി മൂന്നായിരുന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.

മറിച്ചായിരുന്നു അവസ്ഥയെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. കൊവിഡിന്റെ സീരിയൽ ഇൻ്റർവെൽ അഞ്ച് ദിവസമാണ്. രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാൻ വേണ്ട സമയമാണിത്. കേരളത്തിലേത് മൂന്നാണെന്ന് കരുതിയാൽ കേരളത്തിലെ 670 കേസുകൾ 14 ദിവസം കൊണ്ട് 25000 ആകേണ്ടതാണ്. ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താൽ മരണനിരക്ക് 250 കവിയും. കേരളത്തിൽ അതല്ല സംഭവിച്ചത്. അതിന് കാരണം രോഗം തടയാൻ വേണ്ട ട്രേസിങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ്. വലിയ വിപത്തിനെ ഇങ്ങിനെയാണ് നാം തടഞ്ഞത്. അതുകൊണ്ട് ഹോം ക്വാറന്റൈനും കോണ്ടാക്ട് ട്രേസിങും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.

രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകൾ 30 ഓളം കണ്ടെത്തിയില്ലേയെന്ന് ചിലർ ചോദിക്കുന്നു. അത് സമൂഹിക വ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് ചോദിക്കപ്പെട്ടേക്കാം. ഈ 30 കേസുകളും സാമൂഹിക വ്യാപനമല്ല. എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളിൽ അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും പൂർണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പിൽ ബന്ധപ്പെടാനാകാതെ പോയേക്കാം. അത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അത്തരം സംഭവങ്ങൾ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതൽ ടെസ്റ്റ് നടത്തുകയും ചെയ്യും.

എവിടെ നിന്ന് രോഗം കിട്ടിയെന്നറിയാത്ത കേസുകളുടെ കൂട്ടം കേരളത്തിൽ എവിടെയും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി. അതുകൊണ്ട് സാമൂഹിക വ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ല. ഈ 30 ഓളം കേസുകളും സാമൂഹിക വ്യാപനത്തിലേക്ക് പോയിട്ടില്ല. കൊവിഡിന്റെ മാത്രം പ്രത്യേകതയാണിത്. എല്ലാ രോഗങ്ങളിലും ഇങ്ങിനെയല്ല. 

മഴക്കാലം തുടങ്ങുന്നതിനാൽ സർക്കാർ-സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായി പുനരാരംഭിക്കും. കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സ ഉറപ്പാക്കും. മെഡിക്കൽ കോളേജുകളിൽ കൂടുതൽ രോഗികൾ എത്തുന്നു. ചികിത്സ കഴിയുന്നതും പഴയ തരത്തിൽ പുനരാരംഭിക്കാൻ ശ്രമം തുടങ്ങി. പുതുതായി രോഗവുമായി എത്തുന്നവർ, നേരത്തെ രോഗം ഉള്ള അടിയന്തിര ചികിത്സ വേണ്ടവർ, ഡയാലിസിസ് പോലെ പരിചരണം വേണ്ടവരുമുണ്ട്. ടെലിമെഡിസിൻ പദ്ധതി വ്യാപിപ്പിക്കും. സ്വകാര്യമേഖലയുമായി ചേർന്ന് താഴേത്തട്ടിൽ മൊബൈൽ ക്ലിനിക്കുകൾ സ്ഥാപിക്കും. സർക്കാർ-സ്വകാര്യ മേഖലകളിൽ ചികിത്സ കൂടുതലായി ലഭ്യമാക്കാൻ കർമ്മ പരിപാടികൾ രൂപീകരിക്കും.

കൊവിഡ് മരണനിരക്കിൽ വർധനവുണ്ടായിട്ടുണ്ട്. മെയ് നാലിന് മൂന്ന് പേരായിരുന്നത് പത്തായി. ആശങ്ക അമിതമായി വേണ്ട. വിദേശത്ത് നിന്നെത്തുന്ന പ്രായമായവരും രോഗികളും കൊവിഡ് ബാധയോടെ എത്തി. അതിൽ ചിലർ മരിച്ചു. ഇത്തരത്തിലുള്ളവരുടെ എണ്ണം കുറയുന്നതോടെ ഇതിൽ മാറ്റം വരും. രോഗികളുടെ എണ്ണം വർധിക്കുന്നു. റിവേഴ്സ് ക്വാറന്റൈൻ-സംരക്ഷണ സമ്പർക്ക വിലക്ക്  കൂടുതൽ ശക്തമാക്കണം.കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിന് കേന്ദ്രം പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. നിപ്പയെ താരതമ്യം ചെയ്താൽ കൂടുതൽ ലഘൂകരിച്ച നിർദ്ദേശങ്ങളാണ്.

സംസ്ഥാനത്ത് ട്രെയിൻ യാത്ര ആകാമെന്ന് കാണുന്നു. റിട്ടേൺ ടിക്കറ്റ് അടക്കം വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കില്ല. ജനശതാബ്ദി ഇന്ന് പുറപ്പെട്ടത് കോഴിക്കോട്ട് നിന്നാണ്. കണ്ണൂരിൽ നിന്നുള്ള യാത്രക്കാരുടെ യാത്ര മുടങ്ങിയത് റെയിൽവെയുടെ ശ്രദ്ധയിൽപെടുത്തും. ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ആളെയെത്തിക്കുന്നതിന് ചിലർ കൂടുതൽ പണമീടാക്കുന്നതായി പരാതിയുണ്ട്. കേന്ദ്രം ഇപ്പോൾ നിശ്ചയിച്ച യാത്രാക്കൂലിയിൽ വർധിക്കരുത്. മുൻഗണനാ വിഭാഗത്തെ പരിഗണിക്കണം.

അതിഥി തൊഴിലാളികൾക്കിടയിൽ പ്രകോപനപരമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നു. അവരുടെ കാര്യത്തിൽ സംസ്ഥാനത്തിന് തടസമില്ല. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ശുചീകരണം നടന്നു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു.

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ടിവിയില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങളിലേക്ക് ടിവി വാങ്ങുന്നതിന് കെഎസ്എഫ്ഇ 75 ശതമാനം ചെലവ് വഹിക്കും. ടിവിയുടെ 25 ശതമാനം ചെലവും കേന്ദ്രം ഒരുക്കുന്ന ചെലവും തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്ടോപ്പ് വാങ്ങാനുള്ള ഒരു സ്കീം കെഎസ്എഫ്ഇ നടപ്പിലാക്കുന്നു.

ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. ജൂൺ ഒന്നിലെ ക്ലാസുകൾ ജൂൺ എട്ടിന് പുനസംപ്രേഷണം ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഓൺലൈൻ ക്ലാസുകൾ തുടങ്ങി. സാങ്കേതിക സംവിധാനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയ്ക്കനുസരിച്ച് ഓൺലൈൻ ക്ലാസ് നൽകും. ഇത് ലഭ്യമല്ലാത്ത കുട്ടികൾക്ക് കോളേജിലോ മറ്റ് സ്ഥാപനങ്ങളിലോ സൗകര്യം ഒരുക്കും.

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. ലോക്ക് ഡൗൺ ഘട്ടത്തിൽ കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തിയവരെയും കുട്ടികളെയും അഭിനന്ദിക്കുന്നു.കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ 650 കോടിയുടെ വായ്പാ പദ്ധതികൾ നടപ്പിലാക്കും. സംരംഭങ്ങൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപ ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പ്രവർത്തന മൂലധന വായ്പ നൽകും. മൈക്രോ ക്രെഡിറ്റ്, മഹിളാ സമൃദ്ധി യോജന പദ്ധതികൾ പ്രകാരം അനുവദിക്കുന്ന വായ്പ മൂന്ന് കോടിയാക്കും. മൂന്ന് മുതൽ നാല് ശതമാനം വരെ വാർഷിക പലിശയ്ക്കാണ് ഇത് ലഭ്യമാക്കുക.

ആരാധനാലയങ്ങൾ തുറക്കുന്നത് പ്രതിപക്ഷത്തിന്‍റെ ആവശ്യമല്ല, വിശ്വാസികളുടെ ആവശ്യമാണ്. എട്ടാം തീയതിയിലെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കും. നമ്മുടെ നിലപാട് കേന്ദ്രത്തെ അറിയിക്കും. മതമേധാവികളുമായി ചർച്ച നടത്തും.

Latest Videos
Follow Us:
Download App:
  • android
  • ios