കേരളത്തിലും ശ്മശാനങ്ങള്‍ നിറയുന്നു; സംസ്കാരം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയില്‍ ശാന്തികവാടം

പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്. വൈദ്യുതി ശ്മശാനത്തിൽ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോൾ എത്തുന്നത്. കൊവിഡല്ലാത്ത മൃതദേഹങ്ങൾ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതർ പറയുന്നത്

 

Covid 19 Kerala crematoriums experiencing rush people having to wait for cremation

തിരുവനന്തപുരം/ പാലക്കാട്: കേരളത്തിലും ശ്മശാനങ്ങളിൽ സംസ്കാരത്തിന് കാത്തിരിപ്പ്. തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടത്താൻ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയിലെത്തി. ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും സമാന സ്ഥിതിയാണ്. 

ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ വരെ ഒരു ദിവസം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിക്കാം. കൊവിഡ് ബാധിച്ച് മരിച്ചവരെ മാത്രമാണിപ്പോൾ ഇവിടെ സംസ്കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങൾ തികയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നതിനാല്‍ യന്ത്രം പണിമുടക്കുന്നുമുണ്ട്. മാറനെല്ലൂര്‍ പഞ്ചായത്ത് ശ്മശാനത്തിലും ഇതാണവസ്ഥ. 

കൊവിഡ് രോഗ വ്യാപനം തീവ്രമായതോടെ മരണ നിരക്കും കൂടിയിട്ടുണ്ട്. ഇവരില്‍ മിക്കവരേയും ശ്മശാനങ്ങളിലാണ് സംസ്കരിക്കുന്നത്. ഇതാണ് തിരക്ക് കൂടാൻ കാരണമെന്നാണ് വിശദീകരണം. ഒന്നോ രണ്ടോ ദിവസം മോര്‍ച്ചറിയില്‍ വയ്ക്കാമെന്ന് കരുതിയാലും രക്ഷയില്ല. പലയിടത്തും മോര്‍ച്ചറികളും നിറഞ്ഞു. മരണ നിരക്ക് ഉയര്‍ന്നാൽ ശവസംസ്കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. 

പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്. വൈദ്യുതി ശ്മശാനത്തിൽ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോൾ എത്തുന്നത്. കൊവിഡല്ലാത്ത മൃതദേഹങ്ങൾ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതർ പറയുന്നത്. 

കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് ശ്മശാനത്തിൽ എത്തുന്നത് ഇവിടെ നിലവിൽ പ്രശ്നങ്ങളില്ല. കൂടുതൽ മൃതദേഹം എത്തുന്നതനുസരിച്ച് ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിലും നിലവിൽ പ്രശ്നങ്ങൾ ഇല്ല. ദിവസം ശരാശരി 17 മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തിക്കുന്നുണ്ട്. ഇതിനുള്ള സംവിധാനം ഇവിടെ ഉണ്ട്. 

തൃശ്ശിരിലെ ലാലൂർ ശ്മശാനത്തിൽ ആശങ്കപ്പെടുന്ന തരത്തിൽ തിരക്കില്ല. ദിവസം 8 മുതൽ 10 മൃതദേഹങ്ങൾ സംസ്കരിക്കുന്നു. എണ്ണം കൂടിയാൽ കാത്തിരിക്കുന്ന സ്ഥിതി വരും എന്ന് അധികൃതർ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios