കെ മുരളീധരൻ എംപിയുടെ കൊവിഡ് പരിശോധനാ ഫലം വന്നു, നെഗറ്റീവ്

ഇന്നലെയാണ് വടകര എംപി കെ മുരളീധരന്‍റെ സ്രവപരിശോധന നടത്തിയത്. ഫലം വരുന്നത് വരെ എംപിയോട് വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ വരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരന്‍റെ സ്രവപരിശോധന നടത്തിയത്. 

covid 19 k muraleedharan mp tested negative of coronavirus

കോഴിക്കോട്: വടകര എംപി കെ മുരളീധരന്‍റെ കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവ്. പരിശോധന നടത്തിയ തലശ്ശേരി സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാടാണ് എംപിയെ ഇക്കാര്യം അറിയിച്ചത്. കെ മുരളീധരൻ കഴിഞ്ഞ ദിവസം ചെക്യാട് പഞ്ചായത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഡോക്ടറായ വരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എംപിയോട് സ്രവ പരിശോധന നടത്താൻ കലക്ടർ ആവശ്യപ്പെടുകയായിരുന്നു.

ഇന്നലെ എംപിയുടെ സ്രവപരിശോധന നടത്തിയതിനാൽ ഇന്ന് ഫലം വരുന്നത് വരെ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരിക്കുമെന്ന് ഓഫീസ് അറിയിച്ചിരുന്നു. 'കൊറോണവൈറസ് മുപ്പത് ഡിഗ്രി ചൂടിൽ കൂടുതൽ ജീവിക്കില്ല' എന്നതടക്കം കൊവിഡ് സംബന്ധിച്ച് വിവാദപ്രസ്താവനകൾ നടത്തി വാർത്തകളിൽ നിറഞ്ഞ കെ മുരളീധരൻ ഇന്നലെ ക്വാറന്‍റീനിലായിരിക്കെയും സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. തന്നെ രാഷ്ട്രീയക്വാറന്‍റീനിലാക്കി ഒതുക്കാനാണ് എൽഡിഎഫ് നോക്കുന്നത് എന്നായിരുന്നു ആരോപണം. 

''അയ്യായിരം പേരെ പങ്കെടുപ്പിച്ച് കുഞ്ഞനന്തന്റെ ശവസംസ്‌കാരം നടത്തിയവരും എല്ലാം ലംഘിച്ച് മകളുടെ രണ്ടാം വിവാഹം നടത്തിയവരും ആയിരങ്ങളുടെ ജീവന്‍ പന്താടി കീം പരീക്ഷ നടത്തിയവരും ഏതായാലും എന്നെ കൊവിഡ് പ്രോട്ടോകോള്‍ പഠിപ്പിക്കേണ്ട'', എന്നാണ് കെ മുരളീധരൻ പറഞ്ഞത്. 

പോസ്റ്റിന്‍റെ പൂർണരൂപം:

''രാഷ്ട്രീയ ക്വാറന്റൈന്‍ വിധിച്ച് നിശ്ശബ്ദനാക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. രാഷ്ട്രീയം പറയുമ്പോള്‍ തിരിച്ചു വ്യക്തിപരമായി തേജോവധം ചെയ്യുന്നത് തരംതാണ നടപടിയാണ്. ഇതിന്റെ ഭാഗമാണ് പുതിയ വിവാദങ്ങള്‍. സര്‍ക്കാരിന്റെ കള്ളക്കടത്തിനെതിരെയും പാലത്തായിയിലെ പെണ്‍കുഞ്ഞിന് വേണ്ടിയും ശബ്ദിച്ചതിന്റെയും പേരിലാണെങ്കില്‍ ക്വാറന്റൈന്‍ അല്ല ജയിലില്‍ പോകാനും മടിയില്ല.

കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വിവാഹത്തിന് പങ്കെടുത്തിട്ടില്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. വിവാഹ ദിവസം പങ്കെടുത്ത വ്യക്തിയില്‍ നിന്നാണ് വരന് കൊവിഡ് പോസിറ്റീവ് ആയത്. ഞാന്‍ അവിടെ പോയത് വിവാഹത്തലേന്നാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ അന്ന് തന്നെ ഒരു കളക്ടറും പറയാതെ സ്വയം ക്വാറന്റൈനില്‍ പോയേനെ. ഇത് വ്യക്തമാക്കിയിട്ടും സമൂഹ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഉപയോഗിച്ച് അപവാദം പ്രചരിപ്പിക്കുകയാണ്.

എന്റെ മണ്ഡലത്തിലാണ് നാലാം ക്ലാസ്സ് കാരിയായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച പാലത്തായി സംഭവം ഉണ്ടായത്. അന്ന് മുതല്‍ ആ മകളുടെ നീതിക്കു വേണ്ടി ശക്തമായി ശബ്ദം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ എന്നെ വ്യക്തിഹത്യ ചെയ്യുന്നത് സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടായാണ്.
ഞാന്‍ ആരോപിച്ച സിപിഎം, ബിജെപി രഹസ്യ അവിശുദ്ധ കൂട്ടുകെട്ട് സത്യമാണെന്നു ഇതിലൂടെയും ഒന്നുകൂടി തെളിയുകയാണ്. ബി.ജെ.പിക്ക് വേണ്ടി പാലത്തായിയിലെ പീഡനവീരനെ സംരക്ഷിക്കുകയാണ് സിപിഎം ചെയ്തത്. ഇത് പുറത്തായതിലുള്ള പ്രതികാരമാണ് എനിക്കെതിരെ തീര്‍ക്കുന്നത്. എത്ര വേട്ടയാടിയാലും നിലപാടുകളില്‍ നിന്ന് ഒരിഞ്ചു പോലും പിന്മാറില്ല. സര്‍ക്കാരിന്റെ കൊള്ളരുതായ്മയ്ക്കും സ്വര്‍ണ്ണക്കള്ളക്കടത്തിനും കൊറോണക്കാലത്തെ കൊടും അഴിമതികള്‍ക്കെതിരെയുമുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും .

പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ഫാസിസ്റ്റു നയമാണ്. വടക്കേ ഇന്ത്യയില്‍ ബിജെപി ചെയ്യുന്നതാണ് കേരളത്തില്‍ പിണറായി ചെയ്യുന്നത്. കേരളത്തില്‍ സുരേന്ദ്രനും പിണറായിയും ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്. സമൂഹത്തോട് ഉത്തരവാദിത്വമുള്ള പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയാണ്. ഇന്ന് കൊവിഡ് ടെസ്റ്റിന് വിധേയനായി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസംവരെ ക്വാറന്റൈനില്‍ കഴിയുകയും ചെയ്യും. ഇത് ആരെയും ഭയന്നിട്ടല്ല.

കൊവിഡ് കാലത്ത് നിയമം പാലിക്കാന്‍ ബാധ്യസ്ഥനായ ഒരു പൗരനെന്ന നിലയിലും, ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിലുമാണ്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് എത്തിയപ്പോഴും14 ദിവസം ക്വാറന്റൈനില്‍ പോയിരുന്നു.

അയ്യായിരം പേരെ പങ്കെടുപ്പിച്ച് കുഞ്ഞനന്തന്റെ ശവസംസ്‌കാരം നടത്തിയവരും എല്ലാം ലംഘിച്ച് മകളുടെ രണ്ടാം വിവാഹം നടത്തിയവരും ആയിരങ്ങളുടെ ജീവന്‍ പന്താടി കീം പരീക്ഷ നടത്തിയവരും ഏതായാലും എന്നെ കോവിഡ് പ്രോട്ടോകോള്‍ പഠിപ്പിക്കേണ്ട. എന്റെ നാവിനും പ്രവര്‍ത്തിക്കും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താമെന്നു സര്‍ക്കാരും സിപിഎം, ബിജെപി കൂട്ടുകെട്ടും വ്യാമോഹിക്കുകയും വേണ്ട''

Latest Videos
Follow Us:
Download App:
  • android
  • ios