കുതിച്ചുയർന്ന് കൊവിഡ് കണക്ക്, സംസ്ഥാനത്ത് ഇന്ന് 26,995 കേസുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി 19.97 ശതമാനം

1,56,226 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6370 പേർ രോഗമുക്തി നേടി. 13 ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ ഒഴിവാക്കി. 28 മരണം കൂടി സ്ഥിരീകരിച്ചതോടെ സർക്കാർ കണക്കിൽ സംസ്ഥാനത്ത് കൊവിഡ് മരണം 5028 ആയി.

covid 19 daily updates from government of kerala cm pinarayi vijayan press meet

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്. പ്രതിദിന രോഗികളുടെ എണ്ണം 26000 കടന്നു. 26,995 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രോഗികളുടെ എണ്ണം 26000 കടക്കുന്നത്. പരിശോധനകളുടെ എണ്ണം ഇന്നും ഒരു ലക്ഷത്തിനും  മുകളിലായിരുന്നു.1,37,177 പേരെയാണ് ടെസ്റ്റ് ചെയ്തത്. 28 മരണം കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 1,56,226 പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിൽ ഉള്ളത്.

ഒരോ ദിവസവും രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുകയാണെന്നും വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലയിടത്ത് ആൾക്കൂട്ടമുണ്ടാവുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ ആശയക്കുഴപ്പമില്ല. മുൻകൂട്ടി രജിസ്ട്ര‍ർ ചെയ്തവർക്ക് വാക്സിൻ എടുക്കാനാവൂ. നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ എടുത്തവർക്ക് വാക്സിൻ നൽകാൻ ധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്.

വാക്സീൻ വാങ്ങാൻ നടപടി തുടങ്ങി

വാക്സീന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാംപുകൾ സജ്ജീകരിക്കും. 18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ കൊടുക്കും എന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചത്. ഈ വിഭാ​ഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സിൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവ‍ർക്ക് മുൻ​ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദ​ഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാൽ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രസ‍ർക്കാരിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സിന് ഓർഡർ നൽകും.

അടിയന്തരസാഹചര്യം പരി​ഗണിച്ച് റാപ്പിഡ് റെസ്പോൺസ് ടീമിനെ സഹായിക്കാൻ അധ്യാപകരെ നിയോ​ഗിച്ചു. രോ​ഗികൾ ക്രമാതീതാമായി ‍വ‍ർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ രണ്ട് സെക്ടറായി തിരിച്ച് ഓക്സിജൻ ലഭ്യമാക്കാൻ സംവിധാനമൊരുക്കി. കോട്ടയത്ത് ഏറെപേർക്ക് കുടുംബത്തിലൂടേയോ ചടങ്ങുകളിൽ പങ്കെടുത്തോ ആണ് വൈറസ് വന്നതെന്ന് വ്യക്തമായി. നിലവിലുള്ള എട്ട് ക്ലസ്റ്ററുകളിൽ നാലിലും മരണാനന്തരചടങ്ങുകളിൽ പങ്കെടുത്തവർക്കാണ് കൂടുതലായി രോ​ഗബാധയുണ്ടായത്.

എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങൾ

എറണാകുളത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണം അവിടെ കൊണ്ടു വരും. കണ്ടെയ്ൻമെന്റ് സോണിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. നാല് പഞ്ചായത്തടക്കം 551 വാർഡുകൾ എറണാകുളത്ത് കണ്ടെയ്ൻമെൻ്റ സോണാണ്. പുറത്തു നിന്നും ഇവിടേക്ക് വരുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കും ഇതിനായി പൊലീസ് പരിശോധന ക‍ർശനമാക്കും.

അതിഥി തൊഴിലാളികൾക്കിടയിൽ ഭീതി പരത്താൻ ചിലർ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനെതിരെ കർശന നടപടിയുണ്ടാവുമെന്ന് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി എറണാകുളത്ത് കണ്ട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.

പൂരം പ്രോട്ടോക്കോൾ പാലിച്ച്

തൃശ്ശൂ‍ർ പൂരം പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ശക്തമായ പൊലീസ് സുരക്ഷയിലാവും തൃശ്ശൂർ പൂരം. പാവറട്ടി പള്ളി പെരുന്നാളും കുടൽമാണിക്യക്ഷേത്രത്തിലെ ഉത്സവും റദ്ദാക്കിയിട്ടുണ്ട്. നോമ്പ് തുറകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കോഴിക്കോട്ടും നിയന്ത്രണങ്ങൾ

25 ശതമാനത്തിന് മുകളിൽ ടിപിആ‍ർ വന്ന കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തിൽ നിയന്ത്രണം കൊണ്ട് വന്നു. കോഴിക്കോട് ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി. പത്തനംതിട്ടയിൽ ​ഗ്രാമത്തിലും ന​ഗരത്തിലും ഒരു പോലെ കൊവിഡ് പടരുന്നു. ​പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും കൊവിഡ് രോഗികൾക്കായി വിപുലമായ ചികിത്സാ സൗകര്യവും രണ്ട് സിഎഫ്എൽടിസികളും സജ്ജമാക്കി. കൊവിഡിതര രോ​ഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും തുടരും. കൊവിഡ് ചികിത്സയയ്ക്കിടെ മറ്റു രോ​ഗികൾക്ക് ബുദ്ധിമുട്ടുണ്ടാവരുത്.

സ്വകാര്യമേഖലയിലെ ചികിത്സാ നിരക്ക് ഏകോപിപ്പിക്കും

പ്രത്യേക ടാസ്ക് ഫോഴ്സ് വിവിധ ജില്ലകളിൽ സൗകര്യം പരിശോധിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ കൊവിഡ് ചികിത്സയ്ക്കായി ഈടാക്കുന്നുവെന്ന പരാതിയുണ്ട്. 2300 മുതൽ 20000 രൂപ വരെ ഒരു ദിവസത്തെ ചികിത്സയ്ക്കായി ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതു ക്രമീകരിക്കാൻ ജില്ലാ ഭരണാധികാരികൾ ഇടപെടണം. കൊവിഡ് അവസരമായി കണ്ട് അമിത ചാർജ്ജ് അപൂർവ്വം ചിലർ ഈടാക്കുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്. സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സ നടത്തണം. എന്നാൽ ന്യായമായ നിരക്കാവണം ഈടാക്കേണ്ടത്. സംസ്ഥാന തലത്തിൽ നിരക്കുകൾ ഏകോപിപ്പിക്കും. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ശനിയാഴ്ച ച‍ർച്ച ന‌ടത്തുന്നുണ്ട്. ഇതോടൊപ്പം ഏതെങ്കിലും ആശുപത്രിയിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അടിയന്തരമായി അതു പരിഹരിക്കാൻ നി‍ർദേശം നൽകിയിട്ടുണ്ട്.

രണ്ടാം ഡോസ് വാക്സീൻ, ആശങ്ക വേണ്ട

ആദ്യത്തെ ഡോസ് വാക്സിൻ എടുത്തുവർ രണ്ടാമെത്തെ ഡോസ് കിട്ടാൻ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിന് അതും കാരണമാണ്.കേരളത്തിൽ ഭൂരിപക്ഷം പേർക്കും കൊവിഷീൽഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ലെന്നും രണ്ടാമത്തെ ഡോസ് അത്രയും വൈകുന്നതാണ് നല്ലതെന്നുമാണ് പഠനങ്ങൾ പറയുന്നത്. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണ്.

കൊവിഡ് വാക്സീൻ എടുത്തവർക്കും രോ​ഗബാധയുണ്ടാക്കുന്നുണ്ടല്ലോ അതിനാൽ വാക്സിൻ എടുക്കേണ്ടതുണ്ടോ എന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ട്. ബ്രേക്ക് ത്രൂ ഇൻഫക്ഷൻ എന്ന ഈ പ്രതിഭാസം വാക്സിന്റെ കാര്യത്തിൽ മാത്രമല്ല ബാധകം. വാക്സീൻ എടുത്താലും അപൂർവ്വം ചിലർക്ക് രോ​ഗം വരാം. വാക്സീനുകൾ രോ​ഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും ഇനി രോ​ഗം വന്നാൽ ആരോ​ഗ്യനില ​ഗുരുതരമാക്കാതിരിക്കാനുള്ള സാധ്യത 95 ശതമാനം വരേയും ഒഴിവാക്കുന്നുണ്ട്. മരണസാധ്യത തീരെ ഇല്ല എന്നു തന്നെ പറയാം. ഇന്ത്യയിൽ ഇതുവരെ നടന്ന കൊവിഡ് വാക്സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ പതിനായിരത്തിൽ നാല് പേ‍ർക്ക് മാത്രമാണ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വന്നത്. വാക്സീൻ ലഭ്യമാക്കുന്ന മുറയ്ക്ക് മടി കൂടാതെ അതു സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം. വാക്സീൻ എടുത്തു എന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാൽ രോ​ഗം പിടിപ്പെടാം. രോ​ഗം വന്നില്ലെങ്കിലും അതു പടർത്താൻ അവർക്ക് സാധിക്കും. സമൂഹത്തിൽ ഭൂരിപക്ഷം പേർക്കും വാക്സിൻ ലഭിക്കും വരെ നമ്മൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥരാണ്.

മാസ്ക് നിർബന്ധം

മാസ്ക് ധരിക്കാത്തതിന് 28606 കേസുകൾ ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിലാണ് ഏറ്റവുംകൂടുതൽ കേസുകൾ, ഏറ്റവും കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ്. സാമൂഹിക അകലം പാലിക്കാത്തതിൽ 9782 കേസുകളും ഇന്ന് സംസ്ഥാനത്ത് രജിസ്റ്രർ ചെയ്തു. വീടിന് പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിച്ചു എന്നുറപ്പാക്കണം. ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിലും മാസ്ക് ഒഴിവാക്കാൻ പാടില്ല. നിർദേശം ലം​ഘിക്കുന്നവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും.

കൊവിഡിന്റെ രണ്ടാം തരം​ഗം ചർച്ച ചെയ്യാൻ ഏപ്രിൽ 26-ന് വീഡിയോ കോൺഫറൻസ് വഴി സർവ്വകക്ഷിയോ​ഗം ചേരും.

 

1,56,226 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6370 പേർ രോഗമുക്തി നേടി. 13 ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ ഒഴിവാക്കി. 28 മരണം കൂടി സ്ഥിരീകരിച്ചതോടെ സർക്കാർ കണക്കിൽ സംസ്ഥാനത്ത് കൊവിഡ് മരണം 5028 ആയി. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4321, കോഴിക്കോട് 3253, തൃശൂര്‍ 2760, മലപ്പുറം 2675, കോട്ടയം 2306, തിരുവനന്തപുരം 1916, കണ്ണൂര്‍ 1556, പാലക്കാട് 653, പത്തനംതിട്ട 1203, ആലപ്പുഴ 1147, കൊല്ലം 976, ഇടുക്കി 888, കാസര്‍ഗോഡ് 668, വയനാട് 599 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 14, കണ്ണൂര്‍ 12, തിരുവനന്തപുരം 11, തൃശൂര്‍, വയനാട് 7 വീതം, കൊല്ലം 5, കാസര്‍ഗോഡ് 4, പാലക്കാട്, കോഴിക്കോട് 3 വീതം, എറണാകുളം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 490, കൊല്ലം 416, പത്തനംതിട്ട 182, ആലപ്പുഴ 494, കോട്ടയം 540, ഇടുക്കി 129, എറണാകുളം 541, തൃശൂര്‍ 579, പാലക്കാട് 266, മലപ്പുറം 378, കോഴിക്കോട് 1298, വയനാട് 83, കണ്ണൂര്‍ 390, കാസര്‍ഗോഡ് 584 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,56,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,60,472 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,209 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,39,418 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3161 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios