ഹർ ഘർ തിരംഗ: സംസ്ഥാനത്ത് വിവാദം, വിമർശനവുമായി കെ.സുരേന്ദ്രനും പി.കെ.കൃഷ്ണദാസും
കേരളത്തിൽ ദേശീയ പതാക പാറരുത് എന്ന് സിപിഎം നിശ്ചയിച്ചെന്ന് പി.കെ.കൃഷ്ണദാസ്. പതാക ഉയർത്താത്ത കോൺഗ്രസ് ദേശവിരുദ്ധ നിലപാടെന്ന് കെ.സുരേന്ദ്രൻ; പാലക്കാട് സിപിഎം കൊടിക്ക് താഴെ ദേശീയ പതാക കെട്ടി
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംസ്ഥാനത്തും തുടങ്ങി. വീടുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തി. മോഹൻലാലും സുരേഷ്ഗോപിയും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും പതാക ഉയർത്തി. അതേസമയം 'ഹർ ഘർ തിരംഗ' പരിപാടി കേരളത്തിൽ അട്ടിമറിച്ചുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടോടെ സിപിഎം പരിപാടിയെ തമസ്കരിച്ചു. സംസ്ഥാനത്ത് എല്ലാ വീട്ടിലും പതാക ഉയർത്തുന്ന പരിപാടി നടപ്പിലാക്കാൻ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ വേണ്ടത്ര പതാക വിതരണം ചെയ്തില്ല. 90 ശതമാനം സ്കൂളുകളിലും പതാക എത്തിച്ചില്ല. കുട്ടികളിൽ നിന്ന് പണം വാങ്ങിയിട്ടും പതാക നൽകിയില്ല. ഇത് ആസൂത്രിതമാണ്. കേരളത്തിൽ ദേശീയ പതാക പാറരുത് എന്ന് സിപിഎം നിശ്ചയിച്ചതാണ് ഇതിന് കാരണമെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍; 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കുമെന്ന് താരം
കോൺഗ്രസ് ഉപ്പു വച്ച കലം പോലെയെന്ന് സുരേന്ദ്രൻ
ദേശീയ പതാക ഉയർത്താത്ത കോൺഗ്രസ് നിലപാടിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചു. കോൺഗ്രസ് ഉപ്പു വച്ച കലം പോലെയാണ്. ഇന്ന് പതാക ഉയർത്താത്തത് ദേശവിരുദ്ധ നിലപാടാണെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോൾ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ലീഗിന്റെ വോട്ട് കിട്ടില്ലെന്ന് തോന്നിയിട്ടാണോ ഇന്ന് ദേശീയ പതാക ഉയർത്താത്തതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
സിപിഎം കൊടിക്ക് താഴെ ദേശീയ പതാക
അതേസമയം പാലക്കാട് മുതലമടയിൽ സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയതായി ആരോപണം ഉയർന്നു. ചെമ്മണാമ്പതി അണ്ണാനഗറിലാണ് സിപിഎം പതാകയ്ക്ക് കീഴിലായി ദേശീയപതാക കെട്ടിയത്. സംഭവം വിവാദമായതോടെ പതാക മാറ്റിക്കെട്ടി.