കൊവിഡ്; മുണ്ടക്കയത്തെ സംസ്കാരം ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടയാൻ ശ്രമം, ബോധപൂര്‍വ്വമെന്ന് സിപിഎം
ബിജെപി കൗൺസിലറുടെ നേതൃത്വത്തില്‍ ആസൂത്രിതമായി ഉണ്ടാക്കിയ പ്രശ്നമാണ് കോട്ടയത്ത് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍.
കോട്ടയം: കോട്ടയം നഗരത്തിൽ മുട്ടമ്പലത്ത് കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നത് എതിർപ്പ് കാരണം മുടങ്ങി. ബിജെപി വാർഡ് കൗൺസിലർ ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ശ്മശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി മണിക്കൂറുകൾ ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരമായില്ല.
കൊവിഡ് ബാധിതന്റെ മൃതദേഹം ശ്‌മശാനത്തിൽ ദഹിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ റോഡിൽ കുത്തിയിരുന്നതോടെ ഇന്ന് സംസ്കാരം വേണ്ടെന്ന് അധികൃതർ തീരുമാനിച്ചു. സംസ്കാരത്തിന്റെ കാര്യത്തിൽ ജില്ലാ ഭരണകൂടം തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ബിജെപി കൗൺസിലറുടെ നേതൃത്വത്തില്‍ ആസൂത്രിതമായി ഉണ്ടാക്കിയ പ്രശ്നമാണ് കോട്ടയത്ത് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പ്രതികരിച്ചു. ബോധപ്പൂര്‍വ്വം പ്രശ്നം ഉണ്ടാക്കാന്‍ ബിജെപി കൗൺസിലര്‍ ശ്രമിക്കുകയായിരുന്നുവെന്ന് വി എന്‍ വാസവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് മുട്ടമ്പലത്ത് കൊവിഡ് ബാധിതന്‍റെ സംസ്കാരം നാട്ടുകാർ തടഞ്ഞത്. 19 ആം വാർഡ് കൗൺസിലർ ടി എ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ശ്മാശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി. കോവിഡ് ബാധിതന്റെ മൃതദേഹം ശ്‌മശാനത്തിൽ ദഹിപ്പിക്കുന്നത് അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ റോഡിൽ കുത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികളും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല.
ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ സംസ്കാരമാണ് നാട്ടുകാർ തടഞ്ഞത്. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് മരിച്ചത്. മരണ ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.