ഇടത് നീക്കത്തിൽ അമ്പരപ്പ്, ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ പിന്തിരിപ്പിക്കാൻ കുടുംബത്തെ ഇറക്കി കോൺഗ്രസ്
ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹവുമായി സംസാരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും സംസാരിച്ചതായാണ് സൂചന.
കോട്ടയം : ഇടത് മുന്നണിയുടെ അപ്രതീക്ഷിത ചടുല നീക്കത്തിൽ ഞെട്ടി കോൺഗ്രസ്. പുതുപ്പള്ളിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയിലുള്ള ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ നേതാവിനെ മത്സരിപ്പിക്കാനുളള നീക്കം ഏത് വിധേനെയും തടയാൻ കോൺഗ്രസ് ശ്രമം. സിപിഎം ചര്‍ച്ചകൾ നടത്തുന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ കൂടിയായ ഈ നേതാവിനെ പിന്തിരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹവുമായി സംസാരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും സംസാരിച്ചതായാണ് സൂചന.
രാഷ്ട്രീയ കേരളത്തെയാകെ ഞെട്ടിച്ച്, പുതുപ്പള്ളിയിൽ വമ്പൻ രാഷ്ട്രീയ കരുനീക്കമാണ് ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് കോൺഗ്രസുമായും ഉമ്മൻചാണ്ടിയുമായും അടുത്തബന്ധമുള്ള ഒരപു അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് ഇടത് മുന്നണിയുടെ ഭാഗത്ത് നിന്നും നടക്കുന്നത്.
പുതുപ്പള്ളിയിൽ വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി, ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ സ്ഥാനാര്‍ത്ഥിയായേക്കും