പ്രചാരണം തെറ്റ്, തൃശ്ശൂർ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധവമെന്ന് കെസി ജോസഫ്; കോൺഗ്രസ് റിപ്പോർട്ട് പുറത്ത്
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട നിർഭാഗ്യകരമായ ചില സംഭവങ്ങൾ ഉണ്ടായത് പൂരപ്രേമികളായ തൃശൂർക്കാരെ ജാതി വ്യത്യാസമില്ലാതെ വേദനിപ്പിച്ചു
തൃശ്ശൂർ: പാർലമെൻറ് മണ്ഡലത്തിലെ യൂഡിഎഫിൻ്റെ പരാജയം അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമെന്ന് കമ്മീഷൻ അംഗം കെ സി ജോസഫ് പറഞ്ഞു. തൃശ്ശൂരിൽ കെ മുരളീധരൻ്റെ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും കെസി ജോസഫ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ വ്യക്തത വകുത്തിയത്. പൂരം കലങ്ങിയത് തൃശ്ശൂരിലെ തോൽവിക്ക് കാരണമായില്ലെന്നാണ് അന്വേഷണ റിപ്പോർട്ടെന്ന പ്രചാരണം ശക്തമായതിനിടയിലാണ് വിശദീകരണം.
തൃശ്ശൂർ പൂരം മുൻകൂട്ടി ആസൂത്രണം ചെയ്ത് കലക്കിയതാണെന്ന് കെപിസിസി സമിതിയുടെ റിപ്പോർട്ട് പറയുന്നു. പരാജയ കാരണങ്ങൾ സംബന്ധിച്ച സമഗ്രമായ പഠനമാണ് കെപിസിസി സമിതി നടത്തിയത്.റിപ്പോർട്ട് ആരും പൂഴ്ത്തിവെച്ചിട്ടില്ലെന്ന് കെസി ജോസഫ് പറയുന്നു. കെപിസിസി വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ടിൻ്റെ പേരിൽ നടപടിയെടുക്കും. സിപിഐ സ്ഥാനാർത്ഥി സുനിൽ കുമാറിനെ ബലികൊടുത്ത് ബിജെപിയെ സഹായിക്കാൻ സിപിഎം ശ്രമിച്ചത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടത് കേന്ദ്രങ്ങളിൽ പോലും സുരേഷ്ഗോപി ഒന്നാം സ്ഥാനത്ത് വന്നത് സിപിഎം-ആർഎസ്എസ് ധാരണയുടെ തെളിവാണ്. കോൺഗ്രസിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനും ബിജെപിയെ കണ്ടില്ലെന്ന് നടിക്കാനും സിപിഎം നേതൃത്വം ശ്രമിച്ചു. തെരഞ്ഞെടുപ്പിനു മുൻപ് മുതൽതന്നെ രഹസ്യമായി ഉണ്ടായ സിപിഎം- ബിജെപി അന്തർധാര വ്യക്തമായും പ്രകടമായിരുന്നു. രഹസ്യമായി വോട്ടുമറിക്കാനും ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനും സിപിഎം ശ്രമിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്.
ബിജെപി-സിപിഎം അന്തർധാര മനസ്സിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കരുവന്നൂർ കേസിലെ പ്രതികളെ സഹായിക്കാൺ ബിജെപി നേതൃത്വത്തിന്റെ ഇടപെടലും മുഖ്യമന്ത്രിയടക്കം കുറ്റാരോപിതരായ സാമ്പത്തിക തട്ടിപ്പ് കേസിൽ സഹായിക്കാനും രക്ഷപ്പെടുത്താനും ഇഡി തയ്യാറായതും ഈ ബന്ധത്തിന്റെ പരസ്യമായ തെളിവാണ്. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം ലഭിച്ച താന്ന്യം, ചാഴൂർ, അന്തിക്കാട്, തളിക്കുളം, വലപ്പാട്, ആവിണിശ്ശേരി, മുല്ലശ്ശേരി, എളവള്ളി, പാറളം, വല്ലച്ചിറ, നാട്ടിക, നെന്മണിക്കര, പടിയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തെ പിന്തള്ളി സുരേഷ്ഗോപി ഒന്നാം സ്ഥാനത്ത് വന്നു. ഇടത് സ്ഥാനാർത്ഥി സുനിൽകുമാർ, മന്ത്രി കെ.രാജൻ, എംഎൽഎമാരായ സി.സി.മുകുന്ദൻ, പി.ബാലചന്ദ്രൻ മുൻമന്ത്രി കെ.പി.രാജേന്ദ്രൻ എന്നിവരുടെ നാടായ അന്തിക്കാട് പഞ്ചായത്തിൽ പോലും എൽഡിഎഫിനേക്കാൾ ലീഡ് ബിജെപിക്ക് ലഭിച്ചു.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട നിർഭാഗ്യകരമായ ചില സംഭവങ്ങൾ ഉണ്ടായത് പൂരപ്രേമികളായ തൃശൂർക്കാരെ ജാതി വ്യത്യാസമില്ലാതെ വേദനിപ്പിച്ചു. പോലീസിൻ്റെ ധാർഷ്ട്യവും ധിക്കാരവും അതിരുവിട്ട് അഴിഞ്ഞാടിയത് മൂലം വേദനയും അമർഷവും കടിച്ചമർത്തി പരിപാടികൾ വെട്ടിച്ചുരുക്കാൻ പൂരം ഭാരവാഹികൾ നിർബന്ധിതരായി. പൂരാഘോഷ വേളയിൽ കെ.മുരളീധരനും സുനിൽകുമാറും പൂരപ്പറമ്പിൽ ഉണ്ടായിരുന്നു. അനിഷ്ട സംഭവങ്ങൾ അരങ്ങേറിയപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ല. സുരേഷ്ഗോപിയുടെ നാടകീയമായ രംഗപ്രവേശം ഒരു രക്ഷകന്റെ പരിവേഷം അദ്ദേഹത്തിന് നൽകി. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു അജൻഡയുടെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.