എസ്എഫ്ഐ നിരോധിക്കണമെന്ന് പാർലമെന്‍റിൽ ഹൈബി ഈഡൻ; മറുപടിയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു!
തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം ഉന്നയിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബിയുടെ ചോദ്യം
ദില്ലി: വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യം പാർലമെന്‍റിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം പി. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം ഉന്നയിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബിയുടെ ചോദ്യം. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദ്ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു, നാളെ 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ലോ കോളേജിൽ അന്ന് നടന്നതെന്ത്?
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ലോ കോളേജിൽ നടന്ന സംഘർഷമാണ് പാർലമെന്‍റിൽ ഹൈബി ഉന്നയിച്ചത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യൂണിയൻ ഉദ്ഘാടന ദിനത്തിലും തുടർന്നത്. എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ കോളേജിൽ ഏറ്റുമുട്ടിപ്പോൾ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് കാര്യമായി പരിക്കേറ്റു. സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ വലിച്ചിഴച്ച് മർദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കടന്നതോടെ സംഭവം വലിയ തോതിൽ ചർച്ചയായി. എസ് എഫ് ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നുമാണ് ആക്രമണത്തിനിരയായ സഫ്ന വിശദീകരിച്ചത്. എസ് എഫ് ഐക്കാരുടെ കൂട്ടം ചേർന്നുള്ള ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്നും മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.