കോൺഗ്രസ് നേതാവായ വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അറസ്റ്റിൽ; സെക്രട്ടറിക്കെതിരായ ജാതി അധിക്ഷേപത്തിൽ നടപടി

വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ധുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അടിക്കാൻ കൈയ്യോങ്ങുകയും ചെയ്ത സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അറസ്റ്റിൽ

Congress leader Vellanadu panchayat Vice president arrested on abuse by caste name charges

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവും ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റുമായ വെള്ളനാട് ശ്രീകണ്ഠൻ അറസ്റ്റിൽ. പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡിസംബർ ആറിന് നടന്ന സംഭവത്തിൽ ശ്രീകണ്ഠൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് കാത്ത് നിൽക്കാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡിസംബർ ആറിനാണ് സംഭവം നടന്നത്. പഞ്ചായത്തിലെ സെക്രട്ടറിയുടെ ക്യാബിനിൽ ജീവനക്കാരോട് സിന്ധു സംസാരിച്ചുകൊണ്ടിരിക്കെയാണ് വെള്ളനാട് ശ്രീകണ്ഠൻ ഇങ്ങോട്ട് വന്നത്. വെള്ളനാട് പൊതുശ്‌മശാനത്തിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം രൂപ മുൻകൂറായി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമില്ലാതെ അത് സാധ്യമല്ലെന്ന് സെക്രട്ടറി നിലപാടെടുത്തു. ഇതിൽ പ്രകോപിതനായ ശ്രീകണ്ഠൻ മറ്റ് ജീവനക്കാർ നോക്കിനിൽക്കെ സിന്ധുവിനോട് കയർത്ത് സംസാരിച്ചു. പിന്നാലെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അടിക്കാനായി കൈയ്യോങ്ങുകയുമായിരുന്നു. സംഭവത്തിൽ സിന്ധു കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ശ്രീകണ്ഠൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ ഈ കേസിൽ വിധി വരുന്നതിന് മുൻപ് ഇന്ന് രാവിലെ പൊലീസ് ശ്രീകണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios