'വിദേശ വായ്പയ്ക്ക് റിസർവ്വ് ബാങ്ക് അനുമതിയില്ല' ഐസക്കിനെതിരെ കുഴൽനാടൻ
മസാല ബോണ്ട് വാങ്ങിയത് ആരൊക്കെ, എത്ര ശതമാനം പലിശയ്ക്ക് എന്നത് ധനമന്ത്രി പുറത്തു വിടണമെന്നാണ് കുഴൽനാടൻ്റെ ആവശ്യം. രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് തെളിവ് ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും വെല്ലുവിളി.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ. വിദേശ വായ്പയ്ക്ക് റിസർവ്വ് ബാങ്കിന്റെ അനുമതി ഇല്ല എന്നും കുഴൽനാടൻ ആരോപിച്ചു. ജൂൺ ഒന്നിന് റിസർവ്വ് ബാങ്ക് നൽകിയത് എൻഒസി മാത്രമാണെന്നും അനുമതി ലഭിച്ചു എന്ന് കാണിക്കുന്ന രേഖ ധനമന്ത്രി പുറത്തു വിടട്ടയെന്നും കുഴൽ നാടൻ വെല്ലുവിളിച്ചു.
കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്കുള്ള തൂക്കുകയറാണെന്ന് പറഞ്ഞ കുഴൽ നാടൻ മസാല ബോണ്ട് തികഞ്ഞ പരാജയമാണെന്നും ആരോപിച്ചു. മസാല ബോണ്ട് വാങ്ങിയത് ആരൊക്കെ, എത്ര ശതമാനം പലിശയ്ക്ക് എന്നത് ധനമന്ത്രി പുറത്തു വിടണമെന്നാണ് കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നത്.
ലാവലിൻ കമ്പനിക്ക് വാങ്ങാൻ പരുവത്തിൽ എംഒയു മാറ്റം വരുത്തിയോയെന്നും കിഫ്ബിയിൽ നിന്നുള്ള പണം കുറഞ്ഞ പലിശ നിരക്കിൽ ആക്സിസ് ബാങ്കിൽ മാസങ്ങളോളം നിക്ഷേപിച്ചത് എന്തിനെന്നും കുഴൽനാടൻ ചോദിക്കുന്നു. ഹർജി കൊടുത്തത് രാഷ്ട്രീയം നോക്കിയല്ല. കേസിൽ തുടരുമെന്നും കുഴൽനാടൻ വ്യക്തമാക്കി.
തോമസ് ഐസക് സംസ്ഥാന താല്പര്യം സംരക്ഷിച്ചില്ല, ധനമന്ത്രി ആരോപിച്ചത് പോലെ രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് തെളിവ് ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും കുഴൽ നാടൻ ആവശ്യപ്പെട്ടു. ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും കുഴൽ നാടൻ വെല്ലുവിളിച്ചു.