അൻവറിന്റെ അറസ്റ്റിൽ രാഷ്ട്രീയ വിവാദം; 'എംഎൽഎയാണ് മറക്കരുത്' മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ കോൺഗ്രസ്
പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുന്നത്.
മലപ്പുറം: എൽഡിഎഫ് പിന്തുണയിൽ എംഎൽഎ ആയ പിവി അൻവര്‍ ഇടഞ്ഞതിന് പിന്നാലെയുള്ള സര്‍ക്കാറിനെതിരായ പ്രതിഷേധവും അറസ്റ്റും വലിയ രാഷ്ട്രീയ ചര്‍ച്ചകൾക്കാണ് വഴി തുറക്കുന്നത്. കോൺഗ്രസും യുഡിഎഫുമായി പരസ്യ സഹകരണം ഇതുവരെ പ്രഖ്യാപിക്കാത്ത പിവി അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുന്നത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിലാണ് പി വി അൻവര്‍ അറസ്റ്റിലായത്. രാത്രിയോടെയാണ് അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പൊലീസ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പിവി അൻവർ റിമാൻഡിലാവുകയും ചെയ്തു. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തത്. തവനൂർ സെൻട്രൽ ജയിലിലേക്ക് അൻവറിനെ മാറ്റുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. എഫ്ഐആറിൽ അൻവറിന്റെ മാത്രമാണ് പേരുളളത്. മറ്റുപ്രതികളുടെ പേര് വിവരങ്ങളുണ്ടായിരുന്നില്ല. പിന്നീട് 4 പേർ കൂടി ആശുപത്രിയിൽ വെച്ച് അറസ്റ്റിലാകുകയായിരുന്നു. ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് അൻവർ അറിയിച്ചിട്ടുണ്ട്
നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവറിന്‍റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്‍റെ വീട്ടിലെത്തിയത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്‍റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നും അന്‍വര്‍ വിമര്‍ശിച്ചു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കിൽ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത് മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു.